22 November Friday

വീട്ടിൽ വൈഫൈയുണ്ടോ ;
 രാജ്യത്തെവിടെയും നെറ്റ്‌കിട്ടും ; പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


തിരുവനന്തപുരം
വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി കേരള സർക്കിൾ സിജിഎം ബി സുനിൽകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ പദ്ധതികൾ പ്രഖ്യാപിച്ചു.

ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്ഷനുള്ളവർക്കാണ്‌ സർവത്ര പദ്ധതിയുടെ ഗുണം ലഭിക്കുക. ഇന്ത്യയിൽ എവിടെയായാലും എഫ്ടിടിഎച്ച് ടവറിൽനിന്ന്‌ വൈഫൈ ലഭ്യമാകും. ഇതിനായി സർവത്രയുടെ https://portal.bsnl.in/ftth/wifiroaming എന്നപോർട്ടലിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം. കുറഞ്ഞ ചെലവിൽ സിസിടിവി ഉൾപ്പെടെ വീട്ടിലെ ഇന്റർനെറ്റ്‌ ആവശ്യമായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകുന്ന സ്മാർട്ട് ഹോം പാക്കേജും ആരംഭിച്ചിട്ടുണ്ട്‌. പാക്കേജിൽ ചില ഒടിടി ചാനലുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഉണ്ടാകും. ലാൻഡ് ലൈൻ വരിക്കാർക്ക് അതേ നമ്പർ നിലനിർത്തി എഫ്ടിടിഎച്ച് സേവനം നൽകുന്ന പദ്ധതിയുമുണ്ട്.

സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ ഉയർത്തിയതോടെ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണംകൂടി. ഒരു വരിക്കാരൻ നഷ്ടപ്പെടുമ്പോൾ മൂന്നുപേർ പുതുതായി എത്തുന്നു. സംസ്ഥാനത്ത് ജൂലൈയിൽമാത്രം 1.35 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലെത്തി. ജൂലൈ,- ആഗസ്‌ത്‌ മാസങ്ങളിൽ പോർട്ട് ചെയ്ത് എത്തിയത് 1.7 ലക്ഷം പേരാണ്. രാജ്യത്ത്‌ ഇക്കാലയളവിൽ 29 ലക്ഷം പേർ പുതിയ വരിക്കാരായി. സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500 എണ്ണം 4 ജിയിലേക്ക് മാറ്റി. ചെറിയ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറാനുമാകും.

കഴിഞ്ഞ സാമ്പത്തിക വർഷം 1859 കോടിയാണ് സംസ്ഥാനത്തുനിന്നുള്ള വരുമാനം. 63 കോടിരൂപയുടെ ലാഭവും നേടി. വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് ആശയവിനിമയത്തിനായി 5 ജി നോൺ പബ്ലിക് നെറ്റ്‍വർക്ക് എന്ന സ്വകാര്യ നെറ്റ്‍വർക്ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top