13 November Wednesday

കേന്ദ്ര ബജറ്റ്: കണ്ണുതുറക്കുമോ കേന്ദ്രം; ഉറ്റുനോക്കി കൊല്ലം

സ്വന്തം ലേഖകൻUpdated: Tuesday Feb 1, 2022

കൊല്ലം റെയിൽവേ സ്റ്റേഷൻ

കൊല്ലം> മോദി സർക്കാരിന്റെ പുതിയ ബജറ്റ്‌ ചൊവ്വാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കപ്പെടുമ്പോൾ കൊല്ലം ഉറ്റുനോക്കുകയാണ്‌. നിരവധി ആവശ്യങ്ങൾക്കാണ്‌ കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടേണ്ടത്‌. അതുണ്ടാകുമോ?. കാത്തിരിക്കുകയാണ്‌ കൊല്ലം. 

തുറമുഖത്തിന്റെ 
ആഴംകൂട്ടുമോ 
 
സാഗർമാല പദ്ധതിയിൽപ്പെടുത്തി കൊല്ലം തുറമുഖത്തിന്റെ ആഴം 12 മീറ്ററായി കൂട്ടാൻ ഡ്രഡ്‌ജിങ്ങിന്‌ 107 കോടി രൂപയുടെ പ്രോജക്ട്‌ 2020ൽ മാരിടൈം ബോർഡ്‌ കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചിരുന്നു.  കിഡ്‌കോയാണ്‌ പ്രോജക്‌ട്‌ തയാറാക്കിയത്‌. നിലവിൽ 7.2 മീറ്ററാണ്‌ തുറമുഖത്തിന്റെ ആഴം. മണ്ണ്‌ നീക്കിയാൽ വലിയ ചരക്കുകപ്പലുകൾ കൊല്ലത്തേക്ക്‌ വരും. ഒരു ക്യുബിക് മീറ്റർ മണ്ണ്‌ നീക്കംചെയ്യാൻ 250 രൂപ കണക്കിലാണ്‌ പ്രോജക്‌ട്‌. 
 
യാത്രാക്കപ്പൽ വരുമോ
 
കൊല്ലം തുറമുഖത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എമിഗ്രേഷൻ ചെക്ക്‌പോയിന്റ്‌ ചുവപ്പുനാടയിലാണ്‌. എമിഗ്രേഷൻ ചെക്ക്‌പോയിന്റുള്ള തുറമുഖങ്ങളിൽ മാത്രമേ യാത്രാക്കപ്പൽ എത്തൂ. സംസ്ഥാന സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും  കേന്ദ്രആഭ്യന്തര മന്ത്രാലയം കൊല്ലത്തിന്‌ അനുവദിച്ചില്ല. ആറ്‌ എമിഗ്രേഷൻ കൗണ്ടറിന്റെ നിർമാണം പൂർത്തീകരണത്തിലാണ്‌. നേരത്തെ ഒന്ന്‌ പൂർത്തിയായി. ഒരു കൗണ്ടർ മാത്രമുള്ള ബേപ്പൂരിന്‌ ചെക്ക്‌ പോയിന്റ്‌ അനുവദിച്ചിരുന്നു.  
 
റെയിൽവേ 
റെഡ്‌ സിഗ്‌നലിൽ
 
കൊല്ലം റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനം, കൂടുതൽ ട്രെയിൻ, മെമു ഷെഡിന്റെ നീളംകൂട്ടൽ, ആധുനിക സൗകര്യം ഒരുക്കൽ, വാണിജ്യസമുച്ചയം, കൂടുതൽ സുരക്ഷ എന്നിവ യാത്രക്കാർ ആഗ്രഹിക്കുന്നു. പക്ഷെ, രണ്ടാംഘട്ടത്തിൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം പരിഗണിക്കുന്ന സ്റ്റേഷനാണ്‌ കൊല്ലം. രണ്ടാംടെർമിനൽ യാഥാർഥ്യമായി എന്നതൊഴിച്ചാൽ കാര്യമായ വികസനമുണ്ടായില്ല.  കൊല്ലം –-ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിൻ ഓടിക്കാൻ തയ്യാറാകുന്നില്ല. പരവൂർ, മയ്യനാട്‌, പെരിനാട്‌, മൺറോതുരുത്ത്‌, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളുടെ വികസനവും പ്രഖ്യാപനത്തിൽ മാത്രമാണ്‌. കൊല്ലം –-ചെങ്കോട്ട പാതയിലും സ്റ്റേഷനുകളുടെ അടിസ്ഥാന വികസനം കാടുകയറിക്കിടപ്പാണ്‌. 
 
ദേശീയപാത വികസനം
 
ഭാരത്‌മാല റോഡ്‌ വികസനത്തിൽപ്പെടുത്തി കടമ്പാട്ടുകോണം –-ആര്യങ്കാവ്‌ ഗ്രീൻഫീൽഡ്‌ പാത (എൻഎച്ച്‌ 744)നിലവിലെ എംസി റോഡിന്‌ സമാന്തരമായി കടമ്പാട്ടുകോണം –-അങ്കമാലി പാത (183)എന്നിവയുടെ നിർമാണത്തിന്‌ കേന്ദ്രബജറ്റിൽ തുക വകയിരുത്തുമോ എന്ന്‌ അറിയാൻ കാത്തിരിക്കുകയാണ്‌ കൊല്ലം.  ദേശീതപാതയായി പ്രഖ്യാപിച്ച കൊല്ലം –-തേനി, ഭരണിക്കാവ്‌ –-ചവറ ടൈറ്റാനിയം റോഡുകളുടെ നിർമാണത്തിനും പരിഗണന ആവശ്യമാണ്‌. 
 
കശുവണ്ടി മേഖല 
 
പ്രത്യേക പുനരുദ്ധരാണ പാക്കേജ്‌  ബജറ്റിലുണ്ടാകണമെന്നാണ്‌ കൊല്ലത്തിന്റെ തുടിപ്പായ കശുവണ്ടി വ്യവസായമേഖലയുടെ ആഗ്രഹം. ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയുമെന്നും പ്രതീക്ഷിക്കുന്നു. എൻഡിഎ സർക്കാർ 9.5 ശതമാനം ചുങ്കം ഏർപ്പെടുത്തിയിരുന്നു. കേരളത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന്‌ രണ്ടര ശതമാനമാക്കി. വിയറ്റ്നാമിൽനിന്ന് കശുവണ്ടിപ്പരിപ്പ്‌ ഇറക്കുമതി നിയന്ത്രിക്കണമെന്ന ആവശ്യവുമുണ്ട്‌. 
 
വേണം കാഷ്യൂബോർഡ്‌
 
റബർ, സ്‌പൈസസ്‌, കോക്കനട്ട്‌ ബോർഡുകളുടെ മാതൃകയിൽ കൊല്ലം കേന്ദ്രീകരിച്ച്‌ കാഷ്യൂ ബോർഡിന്‌  രൂപം നൽകണമെന്നത്‌ കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ്‌. വ്യവസായത്തെ സംരക്ഷിക്കാനും കശുമാവ്‌ കൃഷിയെ പരിപോഷിപ്പിക്കാനും ഇത്‌ ഗുണംചെയ്യും. 
 
തെന്മല കാതോർക്കുന്നു
 
തെന്മല ഇക്കോ ടൂറിസത്തിന്‌ നാളിതുവരെ കേന്ദ്രസഹായം ലഭിച്ചിട്ടില്ല. രാജ്യത്തെ ഒന്നാമത്തെയും ലോകത്തെ പതിമൂന്നാമത്തെയും ഇക്കോ ടൂറിസമാണ്‌ തെന്മലയിലേത്‌. പ്രകൃതിസംരക്ഷണ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ്‌ കിഴക്കൻ മേഖല. 

പൊതുമേഖലാ പ്ലാന്റേഷൻ 
 
സംസ്ഥാന ഫാമിങ്‌ കോർപറേഷൻ, ആർപിഎൽ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സഹായം ആവശ്യപ്പെട്ട്‌ പലവട്ടം കേന്ദ്രസർക്കാരിൽ നിവേദനം സമർപ്പിച്ചിട്ടുണ്ട്‌. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഓയിൽപാമിന്റെ സംരക്ഷണത്തിനും നാളികേര കൃഷിയെ രക്ഷിക്കാനും  ഭക്ഷ്യഎണ്ണ ഇറക്കുമതി കുറക്കണമെന്ാണ്‌ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top