19 September Thursday

ബില്‍ഡിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഐകെഎം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തിരുവനന്തപുരം > കേരള ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കേന്ദ്ര നിയമമായ 1996ലെ ദി ബില്‍ഡിങ് &  അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് ആക്ട് പ്രകാരവും 1998 ലെ ദി ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്  വെല്‍ഫെയര്‍ സെസ്സ് റൂള്‍സ് പ്രകാരവും സ്വകാര്യ വ്യക്തികള്‍ 10 ലക്ഷം രൂപയില്‍ അധികരിച്ച്  ചെലവ് ചെയ്ത്  പാര്‍പ്പിടാവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മാണങ്ങളുടെയും ആകെ ചെലവിന്റെ 1ശതമാനം വരുന്ന തുക സെസ്സിനത്തില്‍ ബോര്‍ഡിലേയ്ക്ക്  അടവാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ തുക ഉപയോഗിച്ചാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും പെന്‍ഷന്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പെന്‍ഷനും ആനുകൂല്യങ്ങളും സമയ ബന്ധിതമായി വിതരണം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. തൊഴില്‍ വകുപ്പാണ് സെസ് പിരിക്കുന്ന ചുമതല നിര്‍വഹിക്കുന്നത്. സെസിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബില്‍ഡിംഗ് സെസ് പിരിച്ചെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ജനുവരി 16 മുതലുള്ള കെട്ടിട സെസ് പിരിച്ചെടുക്കുന്നതിനാണ്    എല്‍എസ്ജിഡിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഈ കാലാവധിക്കു മുമ്പുള്ള സെസ് കളക്ഷന്‍ നിര്‍വഹിക്കേണ്ടത് തൊഴില്‍ വകുപ്പാണ്. എല്‍എസ്ജിഡി മുഖേന നടപ്പിലാക്കുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും പെന്‍ഷനും കൊടുത്തു തീര്‍ക്കുന്നതിന് കഴിയുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐഎഎസ്, ബില്‍ഡിംഗ് ബോര്‍ഡ് ഡയറക്ടര്‍മാരായ മണ്ണാറം രാമചന്ദ്രന്‍, കെ ജെ വര്‍ഗ്ഗീസ്, ബോര്‍ഡ് സെക്രട്ടറിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായ കെ എം സുനില്‍, ഐകെഎം പ്രതിനിധികള്‍ തുടങ്ങിയവരെ കൂടാതെ തൊഴില്‍ വകുപ്പില്‍ നിന്നും ബില്‍ഡിങ് ബോര്‍ഡില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top