22 November Friday

കെട്ടിടനിർമാണ പെർമിറ്റ് ഫീസ്‌ ഇളവ്‌ ; സർക്കാർ ജനങ്ങൾക്കൊപ്പം , വെട്ടിലായി യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Thursday Jul 25, 2024


തിരുവനന്തപുരം
പൊതുജനാഭിപ്രായത്തെ എൽഡിഎഫ്‌ സർക്കാർ അനുഭാവപൂർവം പരിഗണിച്ചപ്പോൾ വെട്ടിലായത്‌ കെട്ടിടനിർമാണ പെർമിറ്റ്‌ ഫീസ്‌ പരിഷ്‌കരണത്തിൽ പുകമറ സൃഷ്‌ടിച്ച യുഡിഎഫ്‌. പുതുക്കിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കിയതോടെ ഈ കാലയളവിൽ തുക അടച്ചവർക്കും ആശ്വാസം പകരുന്നതായി സർക്കാർ നടപടി. നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുമ്പ്‌. പരിഷ്‌കരിച്ചതോടെ വർധനവിൽ ഇളവ്‌ വേണമെന്ന്‌ ജനങ്ങളിൽനിന്നും വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും അഭിപ്രായമുണ്ടായി.  ഇത്‌ പരിഗണിച്ചാണ്‌ സർക്കാർ  60 ശതമാനം വരെ നിരക്ക്‌ വെട്ടിക്കുറച്ചത്‌. ഈ  നടപടി  പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ആഗസ്‌ത്‌ ഒന്നുമുതലാണ്‌ ഇളവനുസരിച്ചുള്ള തുക പ്രാബല്യത്തിൽ വരിക.

യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പുതുക്കിയ ഫീസ്‌ ഈടാക്കില്ലെന്ന്‌ പ്രമേയം പാസാക്കിയിരുന്നു. അതിനുശേഷം ഈ തുക വാങ്ങുകയും വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്‌തു. മാത്രവുമല്ല വസ്‌തുനികുതിക്കായി സർക്കാർ നിശ്‌ചയിച്ച സ്ലാബിലെ ഉയർന്ന തുകയാണ്‌ ഇവർ വാങ്ങുന്നത്‌. പെർമിറ്റ് ഫീസ്‌ തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടിലേക്കാണ്‌ എന്ന വസ്‌തുത മറച്ച്‌ സർക്കാർ ഈ പണം കൊള്ളയടിക്കുന്നുവെന്ന വ്യാജപ്രചാരണമാണ്‌ കോൺഗ്രസ്‌ ഐടി സെല്ലിന്റെ നേതൃത്വത്തിൽ നടന്നത്‌. പുതുക്കിയ നിരക്ക്‌ പ്രാബല്യത്തിൽ വന്ന 2023 ഏപ്രിൽ 10 മുതൽ പ്രത്യക്ഷത്തിൽ ഒരു പ്രതിഷേധവും ഉണ്ടായില്ല. 14 മാസത്തിനുശേഷം കഴിഞ്ഞ ജൂൺ 12നാണ്‌ ശ്രദ്ധക്ഷണിക്കലിലൂടെ നിയമസഭയിൽ പ്രതിപക്ഷം വിഷയം അവതരിപ്പിച്ചത്‌ പോലും.

കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്‌. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമീഷന്റെ നിബന്ധനയാണ്.

പെർമിറ്റ്‌ ഫീസ്: അധികതുക ഓൺലൈനിൽ
2023 ഏപ്രിൽ 10മുതൽ കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ്‌ അടച്ചവർക്ക്, അധികതുക ഓൺലൈൻ സംവിധാനത്തിലൂടെ തിരിച്ചുനൽകാൻ  ആലോചന. ഇതിനായി നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. കെ സ്മാർട്ട് വഴിയും ഐഎൽജിഎംഎസ് വഴിയും ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം വൈകാതെ ഒരുക്കും.
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് കിട്ടുന്നത്. തുക കൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. വിശദമായ സർക്കാർ ഉത്തരവ് ഇറക്കിയശേഷം അപേക്ഷ നൽകാനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top