27 December Friday

കെട്ടിടങ്ങൾക്കും ടർഫിനും പാര്‍ക്കിങ്ങിൽ ഇളവ് ; ചട്ടങ്ങളിൽ 
ഇളവ് 
വരുത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


തിരുവനന്തപുരം
കെട്ടിടം നിർമിക്കുമ്പോൾ പാർക്കിങ്ങിന് സ്ഥലം വേണമെന്ന നിബന്ധനയിൽ ഉപാധികളോടെ ഇളവ് അനുവദിക്കുന്നത്‌ പരിഗണനയിൽ. കെട്ടിടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ ഉടമസ്ഥനുള്ള  വസ്‌തുവിൽ അനുമതി നൽകുന്നതാണ് പരിഗണിക്കുന്നത്.  തദ്ദേശവകുപ്പിലെ പ്രവർത്തനങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനങ്ങളെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 ശതമാനം പാർക്കിങ് കെട്ടിടത്തിനൊപ്പവും ബാക്കി സമീപത്തെ വസ്‌തുവിലും ആകാമെന്നാണ് നിർദേശം. ഈ ഭൂമി മറ്റ് നിർമാണത്തിന് ഉപയോഗിക്കരുത്‌. ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ ഇതിൽ കരാറിൽ ഏർപ്പെടും.

ഗ്യാലറി ഇല്ലാത്ത ടർഫുകളുടെ പാർക്കിങ് വ്യവസ്ഥയിലും ഇളവ് നൽകും. ടർഫുകളെ നിലവിൽ ഓ‍ഡിറ്റോറിയത്തിന് തുല്യമായ അസംബ്ലി ഒക്കുപ്പെൻസിയിലാണ് പരിഗണിക്കുന്നത്. ഇത്‌ ഒഴിവാക്കും. സ്കൂൾ, കോളജ് ഹോസ്റ്റൽ കെട്ടിടങ്ങളുടെ പാർക്കിങ്‌ നിബന്ധനയും ലഘൂകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ലൈസന്‍സ് ഫീസ്: 
സ്ലാബ് പരി​ഷ്കരിക്കും
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര -വാണിജ്യ- വ്യവസായ-സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്‌കരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കൂടുതൽ സ്ലാബുകൾ കൊണ്ടുവരും. വ്യാപാരി-വ്യവസായി മേഖലയിലുള്ള സംഘടനകളുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

 നഗരസഭകളിൽനിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവുവരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഫീസ്‌ എത്ര ശതമാനം എന്ന് നിശ്ചയിക്കും. വീടുകളോട് ചേർന്ന് ഒട്ടേറെ ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് ലൈസൻസ് നൽകാൻ നിലവിലെ ചട്ടത്തിൽ വ്യവസ്ഥയില്ല. വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 

ഓൺലൈൻ അപേക്ഷകരെ വിളിച്ചുവരുത്തിയാൽ നടപടി
തദ്ദേശസ്ഥാപന സേവനങ്ങൾക്ക്‌ ഓൺലൈനായി അപേക്ഷിക്കുന്നവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ ഉദ്യോ​ഗസ്ഥനെതിരെ കർശന നടപടിയെടുക്കും. ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറും. ഓൺലൈനിലും ഓഫ്‌ലൈനിലും ഇത് ഉറപ്പാക്കും. ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂർണമായ അപേക്ഷകളിൽ പരിഹാരം/സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി എന്നിവ  കൈപ്പറ്റ് രസീതിനൊപ്പം അപേക്ഷകന് നൽകും. പുതിയ രേഖകൾ ആവശ്യമായി വന്നാൽ അപേക്ഷകനോട് രേഖാമൂലം വിശദീകരിക്കണം. സേവനം കൃത്യമായി നൽകുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ 66 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകും.

 സമയബന്ധിത സേവനം ഉറപ്പാക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ തത്സമയം പരാതിനൽകൽ, -പ്രശ്നപരിഹാരം എന്നിവയ്ക്ക് കോൾസെന്ററും വാട്‌സാപ് നമ്പറും ഏർപ്പെടുത്തും. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ജനോപകാര പരിഷ്ക്കാരങ്ങൾ നടത്തും. 106 ചട്ടങ്ങൾക്ക് 351  ഭേദ​ഗതി നിർദേശങ്ങൾ പരി​ഗണനയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top