കൊച്ചി > എറണാകുളം കളമശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കിന്റെ വാതകചോർച്ച പരിഹരിച്ചു. വാതക ചോർച്ച പൂർണമായും അടച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിരക്ഷാസേന അറിയിച്ചു. ഇരുമ്പനം ബിപിസിഎല്ലിൽനിന്ന് പ്രൊപ്പലീൻ ഗ്യാസുമായി ഗുജറാത്തിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടിവിഎസ് ജങ്ഷനിൽവച്ച് ദേശീയപാതയിലേക്ക് തിരിയുന്നതിനിടെ ഇടതുഭാഗത്തേക്ക് മറിയുകയായിരുന്നു.
ബുധൻ രാത്രി 11ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല. തെങ്കാശി സ്വദേശി മുത്തുവാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിനുപിന്നാലെ കളമശേരി പൊലീസും ഏലൂരിൽനിന്ന് അഗ്നി രക്ഷാസേനയും എത്തി സുരക്ഷാനടപടികൾ സ്വീകരിച്ചിരുന്നു. അമിതവേഗമാകാം വാഹനം മറിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ബിപിസിഎല്ലിൽനിന്ന് അധികൃതരെത്തി, സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയശേഷം ടാങ്കർ നിവർത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..