18 December Wednesday

ദുരന്തമെത്തിയത്‌ 
അടുത്ത വേദിക്കുമുമ്പ്‌

നിഷാദ്‌ മണത്തണUpdated: Friday Nov 15, 2024



പേരാവൂർ (കണ്ണൂർ)
വ്യാഴാഴ്ച രാത്രി കടന്നപ്പള്ളിയിൽ അവതരിപ്പിച്ച നാടകം നിറഞ്ഞ കൈയടിയേറ്റുവാങ്ങിയതിന്റെ സന്തോഷത്തോടെയായിരുന്നു കായംകുളം ദേവ കമ്യൂണിക്കേഷൻസ്‌ നാടകട്രൂപ്പിന്റെ മടക്കം. ശനിയാഴ്ചത്തെ വേദിയായ സുൽത്താൻബത്തേരിയിലേക്കുള്ള വഴിയിൽ ദുരന്തം കാത്തിരിക്കുന്നതറിയാതെയുള്ള യാത്ര.

കടന്നപ്പള്ളിയിൽനിന്ന്‌ ബത്തേരിയിലേക്ക്‌ നിടുംപൊയിൽ പേര്യ ചുരംവഴിയാണ്‌ യാത്ര തീരുമാനിച്ചതെങ്കിലും രാത്രി രണ്ടരയോടെ 29–-ാം മൈലിൽ എത്തിയപ്പോഴാണ് ചുരം അടച്ച വിവരമറിഞ്ഞതെന്ന്‌  അപകടത്തിൽ പരിക്കേറ്റ സാബു കഞ്ഞിക്കുഴി പറഞ്ഞു. ഗൂഗിൾമാപ്പ് വഴികാട്ടിയത്  29–-ാം മൈൽ -–-ഏലപ്പീടിക -–-മലയാംപടി-–- പൂവത്തിൻചോലയാണ്‌. അർധരാത്രിയായിരുന്നെങ്കിലും ആരും ഉറങ്ങിയിരുന്നില്ല. ഒരു കിലോമീറ്റർ യാത്രതുടർന്ന് വഴിയരികിലെ വീട്ടിൽകയറി വഴിതെറ്റിയില്ലെന്ന് ഉറപ്പാക്കി. കുത്തനെയുള്ള ഇറക്കവും കയറ്റവും കൊടുംവളവുകളുമുള്ള കണിച്ചാർ പഞ്ചായത്തിലെ ഈ റോഡ്‌ നന്നായി കോൺക്രീറ്റും ടാറിങ്ങും ചെയ്തതാണെങ്കിലും പരിചയമുള്ള ഡ്രൈവർമാർപോലും യാത്രയ്‌ക്ക്‌ മടിക്കും.  ഇറക്കം പകുതിയായപ്പോൾതന്നെ ബ്രേക്ക്‌ കുറയുന്നതായി ഡ്രൈവർ  പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞതോടെ വാഹനവേഗത വർധിച്ചു.  വളവുതിരിക്കുന്നതിനിടെ ബസ്‌ തലകീഴായി മറിഞ്ഞു.

നിലവിളികേട്ടാണ്‌ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം തുടങ്ങിയത്‌.. കേളകത്തുനിന്നുള്ള പൊലീസും പേരാവൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും  ആംബുലൻസുകളുമെത്തി. എല്ലാവരെയും ചുങ്കക്കുന്നിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ ഒമ്പതുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top