23 December Monday

സ്വകാര്യ ബസും ലോറിയും 
കൂട്ടിയിടിച്ച്‌ ബസ്‌ യാത്രക്കാരി മരിച്ചു

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

തൃക്കാക്കര
സീപോർട്ട്–-എയർപോർട്ട് റോഡ് വള്ളത്തോൾ ജങ്‌ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരി മരിച്ചു. ആലുവ കുട്ടമശേരി അമ്പലപ്പറമ്പ് വട്ടപറമ്പ് നസീറ (സുലു–-52)യാണ്‌ മരിച്ചത്. പരിക്കേറ്റ 23 പേർ വിവിധ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ബുധൻ രാവിലെ 7.30നാണ്‌ അപകടം. പുക്കാട്ടുപടിയിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോയ സുൽത്താൻ ബസ്‌ അമിതവേഗത്തിൽ സീപോർട്ട്‌–- എയർപോർട്ട്‌ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാക്കനാട് ഭാഗത്തുനിന്ന്‌ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും തൊട്ടടുത്ത കടയിലേക്ക്‌ ഇടിച്ചുകയറി. ലോറി പിന്നോട്ടുനീങ്ങി മറ്റൊരു ടോറസ് ലോറിയിൽ ഇടിച്ചുനിന്നു.


ബസിൽ സ്കൂൾ വിദ്യാർഥികളക്കം യാത്രക്കാരുണ്ടായിരുന്നു. ഇവരെ തൊട്ടടുത്ത ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിആൻഡ്ബിയിൽ 14 പേരും സൺറൈസ് ആശുപത്രിയിൽ ഏഴുപേരും ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മൂന്നുപേരുമാണ് ചികിത്സ തേടിയത്. ബിആൻഡ്ബിയിൽ ചികിത്സയിലിരിക്കെയാണ്‌ നസീറ മരിച്ചത്‌. തൃക്കാക്കര കെഎംഎം കോളേജിലെ ഓഫീസ്‌ ജീവനക്കാരിയാണ്‌. ഖബറടക്കം നടത്തി. വട്ടപറമ്പ് യൂസഫിന്റെയും ഹവ്വയുടെയും മകളാണ്‌. മക്കൾ: ഹനീഫ, അസറുദീൻ.


അപകടത്തെത്തുടർന്ന് സീപോർട്ട്‌–-എയർപോർട്ട്‌ റോഡ്‌ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. പൊലീസിന്റെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ 11.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.


പരിക്കേറ്റവർ


അമ്പുനാട് കടപറമ്പിൽ ബിൽന പോൾ (21), ചേലക്കുളം പിലാമ്പിള്ളികുടിയിൽ റഷീദ (43), കങ്ങരപ്പടി വെട്ടുവേലി വി കെ രംഭ (43), കുഴിവേലിപ്പടി പ്ലാശേരി വിഷ്ണുപ്രിയ (22), കങ്ങരപ്പടി മധുരപ്പറമ്പ് എലിസബത്ത് (38), ഇരുമ്പനം ലവ്ഡേൽ ആനി (38), തേവക്കൽ പുണർഥത്തിൽ എസ് രമ്യ (42), മുളക്കാമ്പിള്ളി എം എ ഫാഹിമ (23), തേവക്കൽ കാട്ടുപുറം പത്തുമ്മ (48), കാക്കനാട് പൊയ്യച്ചിറ നിഷ (44), എടത്തല വടക്കേടത്ത് കെ പി ഫാത്തിമ (28), കങ്ങരപ്പടി അഴയിൽപറമ്പിൽ ആരതി ബിജു (32), ആലുവ സ്വദേശിനി രാജി പങ്കജാക്ഷൻ (38) എന്നിവർ തൃക്കാക്കര ബിആൻഡ്‌ബി ആശുപത്രിയിലും പഴയരങ്ങാടി ശാന്ത രവി (61), കങ്ങരപ്പടി മറ്റത്തിൻകരോട്ട് മിസ്‌രിയ (21), കിഴക്കമ്പലം മാളിയേക്കമോളം മൃനൈൽ (34), കുഴിവേലിപ്പടി ആര്യംകാലായിൽ ജലീൽ (60), ബംഗാളുകാരായ മുഹമ്മദ് ഷജിത്ത് (41), അഷറഫ് (28), ജുനൈദ് മെഹബുൽ (20) എന്നിവർ സൺറൈസ് ആശുപത്രിയിലും ജിൻഷ ബിജു (19), സൈനബ (31), നിഹാൽ (26) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്‌ ചികിത്സതേടിയത്‌.

 

 ‘സുൽത്താൻ’ നിരത്തിലെ സ്ഥിരം വില്ലൻ


തൃക്കാക്കര
അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്‌ നിരത്തിലെ സ്ഥിരം വില്ലനാണെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌. ഇതുവരെ നിയമലംഘനത്തിന് 120 തവണ പിടികൂടിയിട്ടുണ്ട്. രണ്ടു ദിവസംമുമ്പും നോട്ടീസ്‌ നൽകി. ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് ബുധനാഴ്ചയുണ്ടായ അപകടത്തിന്‌ കാരണമെന്ന്‌ എംവിഡി എൻഫോഴ്സ്‌മെന്റ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഡ്രൈവർ നിഹാലിനെതിരെ (26) മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക്‌ തൃക്കാക്കര പൊലീസ് കേസെടുത്തു.


ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്കും ബസിന്റെ ഫിറ്റ്നസും സസ്പെൻഡ് ചെയ്യും. വള്ളത്തോൾ ജങ്ഷനിലെ അശാസ്ത്രീയ ഗതാഗതസംവിധാനം പരിഷ്കരിക്കുന്നതും പരിഗണനയിലാണ്‌. ഇടപ്പള്ളി ടോൾ, ജഡ്ജിമുക്ക് ഭാഗങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങളും കങ്ങരപ്പടി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളും വള്ളത്തോൾ ജങ്‌ഷനിൽ സീപോർട്ട്–-എയർപോർട്ട് റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കും. പകരം റൗണ്ട് എബൗട്ട് സംവിധാനം ഒരുക്കാനാണ് ആലോചന. അടുത്തദിവസങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുമെന്ന്‌ ആർടിഒ കെ മനോജ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top