ശബരിമല > മുൻവർഷങ്ങളേക്കാൾ തിരക്ക് ഏറെ വർധിച്ചിട്ടും ശബരിമലയിൽ തീർഥാടകർക്ക് സുഗമദർശനം. പരാതികളില്ലാതെ സംതൃപ്‌തിയേടെയാണ് എല്ലാവരും മലയിറങ്ങുന്നത്. മണ്ഡലകാലം ആരംഭിച്ചത് മുതൽ പത്ത് ലക്ഷത്തിനടുത്ത് തീർഥാടകർ ഇതുവരെ ദർശനം നടത്തി. വെള്ളിയാഴ്‌ച 87,721 തീർഥാടകരെത്തി. ശനി വൈകിട്ട് വരെ 60,683 തീർഥാടകരാണ് ദർശനം നടത്തിയത്.
ഇത്രയേറെ തീർഥാടകർ ദിനംപ്രതി എത്തിയിട്ടും ഒരാൾക്ക് പോലും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധം സുസജ്ജമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയത്. തീർഥാടകർക്ക് വിശ്രമിക്കാനായി ജർമൻ പന്തൽ ഉൾപ്പെടെ ഇക്കുറി അധികമായി തയ്യാറാക്കി. പമ്പയിലും നിലയ്‌ക്കലുമടക്കം പാർക്കിങ്ങിന് അധിക സൗകര്യം ഏർപ്പെടുത്തി, വഴിനീളെ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്‌തു. ആവശ്യമായ വൈദ്യസഹായ കേന്ദ്രങ്ങളും ഫിസിയോതെറാപ്പി സെന്ററുകളും ആരംഭിച്ചു. ഇവയെല്ലാം തീർഥാടകർക്ക് വലിയ ആശ്വാസവും സംതൃപ്‌തിയുമാണ് നൽകിയത്.
തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ഫലപ്രദമായി ഇടപെട്ടു. പതിനെട്ടാം പടിയിലെ ഡ്യൂട്ടി സമയംകുറച്ചതും വെർച്വൽ ക്യൂ കാര്യക്ഷമമാക്കിയതുമെല്ലാം നേട്ടമായി. അപ്പത്തിന്റെയും അരവണയുടെയും കരുതൽ ശേഖരം വർധിപ്പിച്ചതും അന്നദാനം വിപുലപ്പെടുത്തിയതും തീർഥാടകർക്ക് ആശ്വാസമായി. ഇത്തരത്തിലുള്ള സൂക്ഷ്‌മമായ പ്രവർത്തനങ്ങളിലൂടെ സുഗമവും മാതൃകാപരവുമായ തീർഥാടനകാലമായി ഈ മണ്ഡലകാലം മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..