22 December Sunday

വിധിയെഴുതാൻ കേരളം ; വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് 13ന്

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2024


ന്യൂഡൽഹി
വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്‌, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13ന്‌ ഉപതെരഞ്ഞെടുപ്പ്‌. നവംബർ 23ന്‌ വോട്ടെണ്ണും. കേരളത്തിലെ രണ്ടിടത്തടക്കം 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ ഉപതെരഞ്ഞെടുപ്പുണ്ട്‌. വയനാടിന്‌ പുറമെ മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പുണ്ട്‌. ഉത്തരാഖണ്ഡിലെ കേദാർനാഥ്‌ നിയമസഭാ മണ്ഡലത്തിലും നാന്ദേഡ്‌ ലോക്‌സഭാ മണ്ഡലത്തിലും നവംബർ 20നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. കേദാർനാഥ്‌ ഒഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13ന്‌.

യുപിയിൽ ഒമ്പതും രാജസ്ഥാനിൽ ഏഴും ബംഗാളിൽ ആറും അസമിൽ അഞ്ചും പഞ്ചാബിലും ബിഹാറിലും നാല്‌ വീതവും കർണാടകയിൽ മൂന്നും മധ്യപ്രദേശിലും സിക്കിമിലും രണ്ടും മേഘാലയ, ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിൽ ഓരോ നിയമസഭാ സീറ്റിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്‌ബറേലിയിലും ജയിച്ച കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ചേലക്കര എംഎൽഎയും സംസ്ഥാന മന്ത്രിയുമായിരുന്ന കെ രാധാകൃഷ്‌ണൻ ആലത്തൂരിൽനിന്നും പാലക്കാട്‌ എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിലും ജയിച്ചു. ഇതോടെയാണ്‌ രണ്ട്‌ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ്‌ സജ്ജം: ടി പി രാമകൃഷ്‌ണൻ
ഉപതെരഞ്ഞെടുപ്പ്‌ നേരിടാൻ എൽഡിഎഫ്‌ സജ്ജമാണെന്ന്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ.  ഒരുക്കം മുന്നണി നേരത്തെ തുടങ്ങിയതാണ്‌. സ്ഥാനാർഥി നിർണയം ഉടനുണ്ടാകും.  ചേലക്കരയിൽ എൽഡിഎഫ്‌ നല്ല നിലയിൽ വിജയിക്കും. പാലക്കാട്‌ മണ്ഡലത്തിൽ നേരത്തെ എൽഡിഎഫ്‌ വിജയിച്ചിട്ടുണ്ട്‌.   ജയിക്കാൻവേണ്ടിത്തന്നെയാണ്‌ വയനാട്ടിൽ മത്സരിക്കുന്നതെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

പാലക്കാട്‌ 
തീയതി മാറ്റണം
നവംബർ 13ന്‌ പ്രഖ്യാപിച്ചിട്ടുള്ള പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ മാറ്റണമെന്നും ടി പി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. കൽപ്പാത്തി രഥോത്സവത്തിന്റെ ആരംഭദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ . പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമാണ്‌ കൽപ്പാത്തി രഥോത്സവം. ആദിവസം തന്നെ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

എതിർപ്പുകൾ അവഗണിച്ചു; പാലക്കാട്‌ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ
പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച്‌ പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യാ ഹരിദാസുമാണ്‌ സ്ഥാനാർഥികൾ. വയനാട്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും.പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാണ്‌. കോഴിക്കോട്‌ കുന്നമംഗലം സ്വദേശിയായ രമ്യ ഹരിദാസ്‌ ആലത്തൂർ എംപിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.  രാഹുൽ മാങ്കൂട്ടത്തിലിനെയും രമ്യയെയും മത്സരിപ്പിക്കുന്നതിനെ പ്രാദേശിക നേതൃത്വം എതിർത്തിരുന്നു. സുധാകരന്റെ താൽപര്യം അവഗണിച്ച്‌ ഏകപക്ഷീയമായാണ്‌ സ്ഥാനാർഥിയെ തിരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top