31 October Thursday

ചിത്രം തെളിഞ്ഞു 
തീപാറും

പ്രത്യേക ലേഖകൻUpdated: Thursday Oct 31, 2024

തിരുവനന്തപുരം
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന വയനാട്‌ ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്‌, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും  ചിത്രം വ്യക്തം. യുഡിഎഫ്‌ വിമതൻ ചേലക്കരയിൽ തുടരുമ്പോൾ ആരും പത്രിക പിൻവലിക്കാത്ത വയനാട്‌ 16 പേരും മത്സരരംഗത്തുണ്ട്‌.  വയനാട്‌ സത്യൻ മൊകേരി ( എൽഡിഎഫ്‌ ), പ്രിയങ്ക ഗാന്ധി (യുഡിഎഫ്‌), നവ്യാ ഹരിദാസ് ( എൻഡിഎ ) എന്നിവർ തമ്മിലാണ്‌ പ്രധാന മത്സരം. ‘ഡോക്ടർ സരിന്‌ ’ അനുയോജ്യ ചിഹ്നമായ സ്‌റ്റെതസ്കോപ്‌ ലഭിച്ചത്‌ പാലക്കാട്‌ വോട്ടർമാർക്കിടയിൽ ട്രെൻഡിങ്ങായി. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനെ കൂടാതെ രാഹുൽ മാങ്കൂട്ടത്തിൽ ( യുഡിഎഫ്‌ ), സി കൃഷ്ണകുമാർ ( എൻഡിഎ ) എന്നിവരാണ്‌ പ്രധാന മത്സരാർഥികൾ. ഒരു സ്ഥാനാർഥി കൂടി നാമനിർദേശ പത്രിക പിൻവലിച്ചതോടെ ഇവിടെ മത്സരരംഗത്ത്‌ പത്ത്‌ പേരായി. ചേലക്കരയിൽ  മത്സരംഗത്ത് ആറ്‌ സ്ഥാനാർഥികളാണുള്ളത്‌.

യു ആർ പ്രദീപ്‌ ( എൽഡിഎഫ്‌ ), രമ്യ ഹരിദാസ്‌ ( യുഡിഎഫ്‌ ) കെ ഹരിദാസ്‌ ( എൻഡിഎ ) എന്നിവരെ കൂടാതെ എഐസിസി അംഗമായിരുന്ന എൻ കെ സുധീർ വിമതനായി ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്‌. ഏഴു സ്ഥാനാർഥികളിൽ ഒരാൾ പിൻവലിച്ചു. തെരഞ്ഞെടുപ്പിന്‌ 13 ദിവസം ബാക്കിനിൽക്കെ വിവാദങ്ങൾ മാത്രം പ്രചാരണ വിഷയമാക്കാൻ മാധ്യമങ്ങളും യുഡിഎഫും ബിജെപിയും കിണഞ്ഞു പരിശ്രമിക്കുകയാണ്‌. ജനകീയ പ്രശ്നങ്ങളിൽ ഉറച്ചുനിന്നുള്ള പ്രചാരണത്തിലാണ്‌ എൽഡിഎഫ്‌. ക്ഷേമ വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ ജനങ്ങളോടൊപ്പം നിൽക്കുന്ന സംസ്ഥാന സർക്കാരും കൊടിയ ദുരന്തങ്ങളിൽപ്പെട്ടവരെപോലും സഹായിക്കാത്ത കേന്ദ്ര നിലപാടും സജീവ ചർച്ചയാണ്‌.   കേന്ദ്ര നിലപാടിനെ യുഡിഎഫ്‌ കണ്ണടച്ചുപിന്തുണയ്ക്കുന്നതും വർഗീയ കക്ഷികളുമായി ചങ്ങാത്തമുണ്ടാക്കുന്നതും വലിയതോതിൽ തുറന്നുകാട്ടപ്പെടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top