തിരുവനന്തപുരം
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊട്ടിക്കലാശം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്. പാലക്കാട് തെരഞ്ഞെടുപ്പ്, കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് 20ലേക്ക് മാറ്റിയിരുന്നു. ഒരുമാസംനീണ്ട പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും എൽഡിഎഫ് നേടിയ മേൽക്കൈ അടിവരയിടുന്നതായിരുന്നു കൊട്ടിക്കലാശവും.
വയനാട് ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലാണ് പങ്കെടുത്തത്. അരിവാൾ നെൽക്കതിർ ആലേഖനംചെയ്‌ത തൊപ്പിയണിഞ്ഞും ചിഹ്നംപതിച്ച ചെങ്കൊടികളുമായും പ്രവർത്തകർ അണിനിരന്നു. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വധ്രയും രാഹുൽഗാന്ധിയും രാവിലെ ബത്തേരിയിലും ഉച്ചയ്‌ക്കുശേഷം തിരുവമ്പാടിയിലും റോഡ്‌ഷോയിൽ പങ്കെടുത്തു. ബത്തേരിയിലായിരുന്നു എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്.
ചേലക്കര ബസ് സ്റ്റാൻഡിലായിരുന്നു എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കൊട്ടിക്കലാശം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ റോഡ്‌ഷോ ചേലക്കരയിൽ സമാപിച്ചു. കെ രാധാകൃഷ്‌ണൻ എംപിയും സ്ഥാനാർഥിക്കൊപ്പമുണ്ടായി. നൂറുകണക്കിന് ബൈക്കുകളിൽ യുവാക്കൾ പതാകകളും കട്ടൗട്ടുകളുമായി അനുഗമിച്ചു. ഡിജെ സെറ്റുകളും വാദ്യമേളക്കാരും പുഷ്‌പവൃഷ്ടിയും പടക്കങ്ങളും വഴിയോരങ്ങളിലെ സ്വീകരണം വർണാഭമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..