ചേലക്കര/വയനാട് > വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ചേലക്കരയിൽ രാവിലെ 10.15 വരെ 19.08 ശതമാനം പോളിങ് പൂര്‍ത്തിയായി. വയനാട്ടിൽ 20.08 ആണ് ഒടുവിൽ പുറത്തുവന്നിട്ടുള്ള പോളിങ് ശതമാനം. രണ്ട് മണ്ഡലത്തിലും വോട്ടിങ് സമാധാനപരമാണ്. പോളിങ് ആരംഭിച്ചപ്പോൾ മുതൽ തന്നെ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ തുടരും.
ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളിലും രാവിലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വോട്ടെടുപ്പിച്ച് അരംഭിച്ചപ്പോൾ തന്നെ സ്ത്രീകളടക്കമുള്ളവരുടെ വലിയ ക്യൂ ആണ് പലയിടത്തുമുള്ളത്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് രാവിലെ ഏഴിന് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണന് പാമ്പാടി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. 14,71,742 വോട്ടർമാരും 1354 പോളിങ് സ്റ്റേഷനുകളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കും യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ വോട്ടില്ല.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പപുരോഗമിക്കുന്നു. ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്. അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നീ സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പു പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..