22 December Sunday

കേന്ദ്ര ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളെ 
ഞെരുക്കുന്നു : പ്രൊഫ. സി പി ചന്ദ്രശേഖർ

പ്രത്യേക ലേഖകൻUpdated: Saturday Sep 16, 2023


കൊച്ചി
രാജ്യത്ത്‌ തുടരുന്ന ധനകേന്ദ്രീകരണനയം സംസ്ഥാനങ്ങളുടെ വികസന–-ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയത്തിൽ കേന്ദ്രത്തിന്‌ ഇടപെടാൻ അവസരം നൽകുകയുമാണെന്ന്‌ പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. സി പി ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക സ്രോതസ്സുകളെല്ലാം കേന്ദ്രസർക്കാരിൽമാത്രം കേന്ദ്രീകരിക്കുന്നത്‌ രാഷ്‌ട്രീയ കേന്ദ്രീകരണത്തിന്റെ ഭാഗമാണ്‌. ഇത്‌ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സർവകലാശാലയിൽ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ്‌ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി,  ഒരു തെരഞ്ഞെടുപ്പ്‌ എന്നീ ആശയങ്ങളുടെ ആവർത്തനങ്ങൾ ഇന്ത്യ, സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന വൈവിധ്യത്തിന്റെ അടിസ്ഥാനംതന്നെ മറന്നുകൊണ്ടാണ്‌. സാമ്പത്തിക കേന്ദ്രീകരണം ശക്തമാക്കിയതോടെ, മൂന്നിൽരണ്ട്‌ വരുമാനത്തിലും സംസ്ഥാനങ്ങൾക്ക്‌  നിയന്ത്രണമില്ലാതായി.  പകുതിയിലേറെ സാമ്പത്തിക ആവശ്യങ്ങൾക്കും കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നു.  മൂല്യവർധിത, ചരക്കുസേവന നികുതികൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക്‌ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. വായ്‌പ എടുക്കുന്നതിനുള്ള പരിധിയും വെട്ടിക്കുറച്ചു. ഇത്‌  സംസ്ഥാനങ്ങളിലെ മൂലധനനിക്ഷേപത്തെയും ക്ഷേമപദ്ധതികൾക്ക്‌ പണം കണ്ടെത്തുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു.  2012ലും 2021ലും രാജ്യത്തുണ്ടായ സമ്പത്തിൽ 40 ശതമാനത്തിലധികം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലായപ്പോൾ മൂന്നു ശതമാനംമാത്രമാണ്‌ ജനസംഖ്യയുടെ 50 ശതമാനത്തിനായി വീതിച്ചതെന്നും- സി പി ചന്ദ്രശേഖർ പറഞ്ഞു.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ–-ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസ്‌, കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, എംജി സർവകലാശാല ഡോ. കെ എൻ രാജ്‌ സ്‌റ്റഡി സെന്റർ എന്നിവ സംയുക്തമായാണ്‌ പ്രഭാഷണം സംഘടിപ്പിച്ചത്. കുസാറ്റ്‌ വൈസ്‌ ചാൻസലർ  പ്രൊഫ. പി ജി ശങ്കരൻ അധ്യക്ഷനായി.

കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. പി കെ മൈക്കിൾ തരകൻ, സിഎസ്‌ഇഎസ്‌ സീനിയർ റിസർച്ച്‌ ഫെലോ കെ കെ കൃഷ്‌ണകുമാർ, കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്ടർ ഡോ. വി പി  ജഗതി രാജ്‌, പ്രൊഫ. എസ്‌ മുരളീധരൻ, ബിബിൻ തമ്പി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top