22 December Sunday

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ട് എത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം> താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെയും അദാലത്ത് നടത്തുന്നതിനുള്ള വിശദമായ  മാർ​ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ- മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്  മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ

  • ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
  • സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
  • കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
  • വയോജന സംരക്ഷണം
  • പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
  • മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
  • ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
  • പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
  • പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
  • റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)
  • കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
  • വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
  • ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
  • വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
  • ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
  • വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
  • വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
  • തണ്ണീർത്തട സംരക്ഷണം
  • അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
  • എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
  • പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

 

പരിഗണിക്കാത്ത വിഷയങ്ങൾ

  • നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
  • ലൈഫ് മിഷൻ
  • ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ
  • വായ്പ എഴുതി തള്ളൽ
  • പോലീസ് കേസുകൾ
  • ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
  • സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)
  • ജീവനക്കാര്യം (സർക്കാർ)
  • റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top