05 November Tuesday

ഇടുക്കി, വയനാട് വികസന പാക്കേജുകൾക്ക് ജില്ലാതല സാങ്കേതിക സമിതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തിരുവനന്തപുരം > ഇടുക്കി, വയനാട് വികസന പാക്കേജുകൾക്ക് കീഴിലുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിക്കാൻ ഇന്ന് നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.. സാങ്കേതികാനുമതി നൽകുന്നതിനും, ടെണ്ടർ സ്വീകരിക്കുന്നതിനും, പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും, പാക്കേജുകൾക്ക് കീഴിലുള്ള പ്രവൃത്തികൾക്ക് ടെൻഡർ എക്സസ് അനുവദിക്കുന്നതിനുമായാണ് സമിതി രൂപീകരിക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങൾ:

ധനസഹായം

ഉരുൾപൊട്ടലിലും പേമാരിയിലും വീട് നിർമ്മാണത്തിന് സംഭരിച്ച നിർമ്മാണ സാമഗ്രികൾ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് കോട്ടയം പൂവരണി സ്വദേശി സോബിച്ചൻ അബ്രഹാമിന് 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ചു. ഭൂമി ഉൾപൊട്ടൽ സാധ്യതാ പ്രദേശത്ത് ഉൾപ്പെട്ടിട്ടുള്ളതിനാലും പ്രസ്തുത സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുള്ളതിനാലും പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം.

തുടർച്ചാനുമതി

ഇടുക്കി ജില്ലയിലെ ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂർ, കട്ടപ്പന എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശ്ശൂർ ജില്ലയിലെ തൃശൂർ യൂണിറ്റ് നമ്പർ വൺ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെയും 203 താല്ക്കാലിക തസ്തികകൾക്ക്, മുരിക്കാശേരി, കട്ടപ്പന, രാജകുമാരി എന്നിവിടങ്ങളിലെ ഭൂമിപതിവ് ഓഫീസുകളുടെ പ്രവർത്തനത്തിന്  വ്യവസ്ഥയ്ക്ക് വിധേയമായി 01.04.2024 മുതൽ 31.03.2025 വരെ തുടർച്ചാനുമതി നൽകും.

ആശ്രിത നിയമനം


തിരുവനന്തപുരം ചെങ്കൽ സ്വദേശി ആരോമൽ ബി അനിലിന് തിരുവനന്തപുരത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ വാച്ച്മാൻ തസ്തികയിൽ നിയമനം നൽകും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്ന പദ്ധതി പ്രകാരമാണിത്. ആരോമലിൻറെ പിതാവ് അനിൽകുർമാർ 2016 ഡിസംബർ 18ന് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു.

കൊല്ലം ചിതറ സ്വദേശി ബി എ അഖിലയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഒഫീസിന് കീഴിൽ എൽ ഡി ക്ലർക്ക് തസ്തികയിൽ നിയമനം നൽകും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്ന പദ്ധതി പ്രകാരമാണിത്. അഖിലയുടെ പിതാവ് അശോക് കുമാർ 2017 ഏപ്രിൽ 23ന് ആക്രമണത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top