10 September Tuesday

ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മാണത്തിന്‍റെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും... മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം > വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്ട് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിംഗ് റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം ( ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) എംഐഡിപി (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്.

ഇതിനു പുറമെ  റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ  ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.  ഔട്ടർ റിങ്ങ് റോഡിൻ്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.

ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനിയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാൻ്റ് ആയി നൽകും.  ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

വിസിലിന് സര്‍ക്കാര്‍ ഗ്യാരന്റി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും.

തുറമുഖ നിർമാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും

കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.

കാലാവധി  ദീർഘിപ്പിച്ചു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷന്‍ ഡയറക്ടറായുള്ള ഡോ.കെ ജെ ജോസഫിന്റെ കാലാവധി 19/07/2024  മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

തസ്തിക സൃഷ്ടിക്കും

സർവേയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒരു തസ്തിക പൊതുഭരണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായി സൃഷ്ടിക്കും.

സർക്കാർ ഗ്യാരന്റി

കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന് കേരള ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന് 5 വർഷത്തേയ്ക്ക് 8 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണറായി കോട്ടയം, ഗാന്ധിനഗർ സ്വദേശി  ഡോ.പി റ്റി ബാബുരാജിനെ  നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top