10 October Thursday

6201 പേർക്ക് കൂടി ചെറുകിട നാമമാത്ര കർഷക പെൻഷൻ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവനന്തപുരം> ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ അർഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. മറ്റേതെങ്കിലും പെൻഷൻ വാങ്ങുന്നവർക്ക് അർഹതയുണ്ടാവില്ല.

തസ്തിക

കണ്ണൂർ, പിണറായി പോലീസ് സ്റ്റേഷൻറെ അധിക ജോലിഭാരവും സ്റ്റേഷൻ പരിധിയുടെ വ്യാപ്തി വർധിപ്പിച്ചതും കണക്കിലെടുത്ത് ഒരു ഇൻസ്പെക്ടർ ഓഫ് പോലീസ്, അഞ്ച് സിവിൽ പോലീസ് ഓഫീസർ എന്നീ തസ്തികകൾ കൂടി സൃഷ്ടിക്കും.

11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം

അനർട്ടിലെ 28 അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന 96 റഗുലർ ജീവനക്കാർക്ക് കൂടി 11 -ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കും. മനേജിങ് ഡയറക്ടർ എന്ന പദത്തിന് പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന് ഭേദഗതി വരുത്തും.

2025ലെ പൊതു അവധികൾ


2025 വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.

തൊഴിൽ നിയമം- ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ. 14.03.2025  ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

കലാവധി ദീർഘിപ്പിച്ചു

കേരള റബ്ബർ ലിമിറ്റഡിൻറെ ചെയർപേഴ്സൺ & മാനേജിങ് ഡയറക്ടറായ ഷീല തോമസ് ഐ എ എസിൻറെ സേവന കാലാവധി  ഒരു വർത്തേക്ക് കൂടി ദീർഘിപ്പിച്ചു. കെഎസ്ഐടിഎൽ മനേജിങ് ഡയറക്ടർ തസ്തികയിൽ കാരാർ വ്യവസ്ഥയിലും കെഫോൺ എം ഡി, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിക്കുന്ന ഡോ. സന്തോഷ് ബാബു ഐ എ എസിന് ഒരു വർഷത്തേക്ക് കരാർ നിയമനം ദീർഘിപ്പിച്ചു നൽകും.

രജിസ്ട്രേഷൻ ഫീസ് ഇളവ്

ബി ഇ എം എൽ ലിമിറ്റഡിൻറെ  നോൺ കോർ സർപ്ലസ് അസറ്റ്, ബി ഇ എം എൽ ലാൻറ് അസറ്റ് ലിമിറ്റഡിൻറെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇളവ് നൽകും. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത് പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% രജിസ്ട്രേഷൻ ഫീസായി നിശ്ചയിക്കും.

ഉത്തരവിൽ ഭേദഗതി

തിരുവനന്തപുരം കിഴക്കേകോട്ട റോഡ് വികസനത്തിൻറെ ഭാഗമായി കുടിയൊഴിക്കപ്പെട്ട 20 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. കമ്പോളവിലയുടെ 5% നിരക്കിൽ എന്നത് കമ്പോളവിലയുടെ 2% എന്നാക്കി മാറ്റും. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. ബന്ധപ്പെട്ട വ്യക്തികൾക്ക് ഭൂമി കൈമാറിയ 05.10.2023 മുതൽ ഒന്നര വർഷം എന്ന മാറ്റം വരുത്തും.

29.12.2020 ലെ ഉത്തരവ് പ്രകാരമാണ് റോഡ് വികസനത്തിൻറെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വഞ്ചിയൂർ വില്ലേജിൽ 1.18 ആർ ഭൂമി വീതിച്ചു നൽകി കമ്പോള വിലയുടെ 5 % നിരക്കിൽ ഈടാക്കി പട്ടത്തിന് അനുവദിച്ചത്.

പരിഭാഷ സെൽ

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിൽ പരിഭാഷ സെൽ രൂപീകരിക്കും.

കരട് അംഗീകരിച്ചു

കേരള ഇൻറസ്ട്രിയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻറ് (ഭേദഗതി) ബിൽ 2024ൻറെ കരട് അംഗീകരിച്ചു.

പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തും

കേരളത്തിലെ പട്ടിക വർഗ ലിസ്റ്റിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന് കൈമാറി.

കെയർഹോം സ്ഥാപിക്കുന്നതിന് അനുമതി

2008ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ജലസംരക്ഷണ നടപടികൾക്ക് മാറ്റിവെച്ച ഭൂമിയുടെ സ്ഥാനം മറ്റൊരു ഭാഗത്തേക്ക് മാറ്റി നൽകണമെന്ന പത്തനംതിട്ട, തിരുവല്ല സ്വദേശികളായ വർക്കി എബ്രഹാം, ബിജു മാത്യു എന്നിവരുടെ അപേക്ഷ അംഗീകരിച്ചു. മൂന്ന് വ്യത്യസ്ത നടപടികൾക്കായി ഉത്തരവുകളിലൂടെ  ജലസംരക്ഷണ നടപടികൾക്കായി മാറ്റിവെച്ച 19.06 ആർ ഭൂമിയുടെ സ്ഥാനം, തങ്ങളുടെ കൈവശമുള്ള ആകെ ഭൂമിയുടെ ഏതെങ്കിലും ഭാഗത്തേയ്ക്ക് ഒരുമിച്ചാക്കി നൽകണമെന്നായിരുന്നു അപേക്ഷ. ഇത് പ്രത്യേക കേസായി പരിഗണിച്ച് ഭൂമി മുതിർന്ന പൗരന്മാർക്കുള്ള കെയർഹോം സ്ഥാപിക്കുന്നതിന് അനുവദിക്കാൻ അനുമതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top