27 November Wednesday

പെൻഷൻ പ്രായം ഉയർത്തില്ല; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

തിരുവനന്തപുരം > പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്ക്കാര കമീഷന്‍റെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്ക്കാര കമീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

കെഎസ്ആർ, കെഎസ്&എസ്എസ്ആർഎസ്, കൺഡക്ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവീസിലും സ്റ്റേറ്റ് സർവീസിലും പ്രൊബേഷൻ  ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശ തത്വത്തിൽ അംഗീകരിച്ചു. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെന്റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്‍സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ അവസാനിക്കണം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്റെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കണം.

മറ്റ് മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ


മുനമ്പം; മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ കമീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം നിയോഗിച്ച ജുഡീഷ്യൽ കമീഷൻ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ജുഡിഷ്യൽ കമീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വിഴിഞ്ഞം; സപ്ലിമെന്ററി കൺസഷൻ കരാറിൽ ഏർപ്പെടുന്നതിന് അനുമതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെൻററി കൺസഷൻ കരാറിൽ ഏർപ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം നൽകി. കരട് സപ്ലിമെൻററി കൺസഷൻ കരാർ അംഗീകരിച്ചു. ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെ തുടർന്നാണ് സപ്ലിമെന്ററി കരാർ ആവശ്യമായി വന്നത്. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്ററി കരാറിന് മന്ത്രിസഭ അനുമതി നൽകിയത്.

കരാർ പ്രകാരം 2045ൽ പൂർത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടപ്രവർത്തികൾ 2028 ഓടെ പൂർത്തീകരിക്കും. നേരത്തെയുള്ള കരാറിൽ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും  ഇതോടെ പൂർത്തിയാകും. ഇതുവഴി 4 വർഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോർട്ട് വഴിയൊരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആവും.

കോവിഡും ഓഖി, പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് അഞ്ച് വർഷം നീട്ടി നൽകും. പദ്ധതിക്ക് കാലതാമസം വന്നതിനാൽ പിഴയായ 219 കോടി രുപയിൽ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ൽ പദ്ധതി സമ്പൂർണമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കരാർ കാലാവധി അഞ്ച് വർഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുകയും സർക്കാർ വസൂലാക്കും.

യാത്രാബത്ത അനുവദിക്കും

കുടുംബശ്രീ മിഷനിൽ സിഡിഎസ് ചെയർപേഴ്സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് യാത്രാബത്തയായി പ്രതിമാസം 500 രൂപ അനുവദിക്കും.

വാഹാനാപകടം; മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താൻ നടപടി

തൃശൂർ നാട്ടികയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹാനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നൽകാനുള്ള തുടർനടപടികൾ മുഖ്യമന്ത്രി തലത്തിൽ സ്വീകരിക്കും.

വയോജന കമീഷൻ ഓർഡിനൻസ്

കരട് വയോജന കമീഷൻ ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഇത് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപർശ ചെയ്യും. വയോജനങ്ങളുടെ ക്ഷേമത്തിനായി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനും, കഴിവുകൾ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും, വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ, ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതു സംബന്ധിച്ച പരിശോധന നടത്തുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യം.  ചെയർമാനും മൂന്നിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകും.

നിയമനം

കേരള പബ്ലിക്ക് സർവീസ് കമീഷൻ അംഗമായി റിഷ ടി ഗോപാലിനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ഭേദഗതി

ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പതിച്ചു നൽകിയ കോഴിക്കോട് ബേപ്പൂരിലെ 39 സെന്റ് ഭൂമി സർക്കാർ നിശ്ചയിച്ച തുക പൂർണമായി ഒഴിവാക്കിയോ നാമമാത്ര തുക ഈടാക്കിയോ പതിച്ചു നൽകിയ ഉത്തരവിൽ ഭേദഗതി വരുത്തും.

റോയൽറ്റി, സീനിയറേജ് ചാർജ് ഇളവ്

വേമ്പനാട് കായലിലെ ദേശീയ ജലപാതയിൽ ഉൾപ്പെട്ടുവരുന്ന ഭാഗത്ത് നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന സ്പോയിൽ ദേശീയപാത 66-ൻ്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കുവേണ്ടി ദേശീയപാതാ അതോറിറ്റിക്ക് വില ഈടാക്കാതെ നൽകുന്നതിന് പൊതു താത്പര്യം മുൻനിറുത്തി അനുമതി നൽകും. ഈ സ്പോയിലിന് റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ വ്യവസ്ഥകളോടെ  ഇളവ് നൽകും. ഈ തുക റോഡ് വികസനത്തിന് ചെലവാകുന്ന തുകയിൽ നിന്ന് കുറയ്ക്കുവാൻ സാധിക്കുമോയെന്ന കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിയോട് അഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.

ഭൂമി കൈമാറ്റം

പറവൂർ വില്ലേജിലെ 20.91ആർ ഭൂമി പറവൂർ കോടതി സമുച്ചയ നിർമ്മാണത്തിന് രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം  നിബന്ധനകൾക്ക് വിധേയമായി നീതിന്യായ വകുപ്പിന് കൈമാറി നൽകിയ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കാൻ തീരുമാനിച്ചു.

പറവൂർ സബ് ട്രഷറി പ്രവർത്തിച്ചിരുന്ന 07.62 ആർ വിസ്തീർണ്ണമുള്ള സ്ഥലം നോർത്ത് പറവൂർ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം നിബന്ധനകൾക്ക് വിധേയമായി ട്രഷറി വകുപ്പിന് കൈമാറി നൽകും.

ഭൂമി പതിച്ചു നൽകും

കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായി കൈവശഭൂമി പതിച്ചു നൽകുവാൻ സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.

മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരോ, ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരിൽ നിന്നും ഭൂമി കൈമാറികിട്ടിയവരോ, വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുൻപ് ഒടുക്കിയിരുന്നവരുമായ 3 പേരിൽ നിന്നും തുടർന്നും ഭൂനികുതി സ്വീകരിയ്ക്കും.  മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന 5 പേർക്ക് ലാൻഡ് ക്രയസർട്ടിഫിക്കറ്റ് നൽകും. ഭൂമി പതിച്ചു കിട്ടുന്നതിന് അർഹരായ 4 പേർക്ക് കൈവശഭൂമി പതിച്ചു നൽകും.

ഇളവ് അനുവദിച്ചു

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ റോഡ്, പ്രൊട്ടക്ഷൻ വർക്കിന്റെ ഭാഗമായ റീട്ടേയിനിങ് മതിൽ  എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് അവാർഡ് ചെയ്യാൻ തീരുമാനിച്ചു.

തസ്തിക

പയ്യന്നൂരിലെ ഫിഷറീസ് കോളേജിൽ രണ്ടാം വർഷ ബിഎഫ്‍എസ്‍സി കോഴ്സിൻ്റെ പ്രവർത്തനത്തിന് രണ്ട് അസോസിയേറ്റ്  പ്രൊഫസറുടെയും ഒരു  ലാബ് അസ്സിസ്റ്റന്റിന്റെയും തസ്തികകൾ സൃഷ്ടിച്ചു. തസ്തികകൾ കരാർ നിയമനത്തിലൂടെ നികത്തണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top