23 December Monday

തൊഴില്‍ നൈപുണ്യവികസനത്തിന് അക്കാദമി സ്ഥാപിക്കും- മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ ചാത്തന്നൂരിലായിരിക്കും അക്കാദമി സ്ഥാപിക്കുക.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി എന്നീ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 98.5 കോടി രൂപയാണ് ഇതിന് ചെലവ്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ഡി. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 4 സീനിയര്‍ റസിഡന്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം 5 ശതമാനമായി നിജപ്പെടുത്തുന്നതിന് കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കും.

2010-14 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും 5 പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായും നിയമിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top