തൃശൂർ
ചൂരൽമലയിലും മുണ്ടക്കൈയിലും ആഴത്തിലാണ്ട മുപ്പതോളം മൃതദേഹങ്ങൾ കണ്ടെത്തിയത് കേരള പൊലീസിന്റെ കഡാവർ ഡോഗുകൾ. പരിശീലനം സിദ്ധിച്ച കേരള പൊലീസ് നായകളായ മായയുടെയും മർഫിയുടെയും ഏയ്‌ഞ്ചലിന്റെയും ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം ദേശിയ ദുരന്തനിവാരണ സംഘത്തെയും ഞെട്ടിച്ചു. മണ്ണിനടിയിലെ ശവശരീരങ്ങൾ കണ്ടെത്താനായി കേരള പൊലീസിൽ മാത്രമുള്ള കഡാവർ ഡോഗ് ഡിറ്റക്‌ടിങിൽ ദേശീയ ദുരന്ത നിവാരണസേനയ്‌ക്ക് കേരള പൊലീസ് പരിശീലനം നൽകുകയാണ്. ആദ്യമായാണ് ഇത്തരം പരിശീലനം.
വയനാട് ദുരന്തത്തിന് ശേഷമാണ് എൻഡിആർഎഫ് സംഘം കേരളത്തിലെ കഡാവർ സംവിധാനത്തെക്കുറിച്ച് മനസിലാക്കിയത്. എൻഡിആർഎഫിന് കഡാവർ ഡിറ്റക്‌റ്റിങ് നായകളില്ല. അതിൽ വിദഗ്‌ധ പരിശീലനം നേടാൻ കേരള പൊലീസിനെ സമീപിക്കുകയായിരുന്നു. എൻഡിആർഎഫിലെ നാലാമത്തെയും എട്ടാമത്തെയും ബറ്റാലിയനിൽനിന്ന് നാലുപേർ വീതമാണ് തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ സ്‌റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിൽ പരിശീലനത്തിനെത്തിയത്. ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് എന്ന വിഭാഗത്തിൽ ഇവർക്ക് ഒരുമാസത്തെ പരിശീലനം നൽകി. നായകളെ വാങ്ങി അവർക്കുള്ള പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസംഘം. കൊച്ചി സിറ്റി ഡോഗ് സ്‌ക്വാഡിലെ പി പ്രഭാത്, സ്‌റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂൾ ഇൻ ചാർജ് ഓഫീസർ എസ്‌ഐ ഒ പി മോഹനൻ, എഎസ്‌ഐ പി ജി സുരേഷ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
കേരളത്തിന്റെ
കഡാവർ ഡോഗുകൾ
ഇന്ത്യയിൽ കേരള പൊലീസിൽ മാത്രമാണ് മണ്ണിനടിയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയുന്ന അല്ലെങ്കിൽ മനുഷ്യന്റെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിയുന്ന മൂന്ന് പട്ടികളുള്ളത്. മായ, മർഫി, ഏയ്‌ഞ്ചൽ. മായയാണ് ഇന്ത്യയിലെ ആദ്യത്തെ കഡാവർ ഡോഗ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ധയാണ്. 30 അടി താഴെ വരെ ആഴത്തിലുളള പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. കാഡവർ ഡിറ്റക്‌ടിങിൽ പരിശീലനം നേടാൻ കേന്ദ്ര സേന കേരള പൊലീസിന്റെ സഹായം തേടിയത് കേരള സർക്കാരിന്റെ ഒരു അഭിമാന നേട്ടമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..