തിരുവനന്തപുരം
ക്രിസ്മസിന് വീടൊരുക്കുന്നതിനൊപ്പം മധുരമുള്ളൊരു ആഘോഷമാണ് കേക്ക് മുറിച്ച് പങ്കിടുന്നത്. ക്രിസ്മസ് ആശംസകൾക്കൊപ്പം പങ്കിടുന്ന സ്നേഹസമ്മാനവും മിക്കവാറും കേക്ക് തന്നെയായിരിക്കും. |
കേക്കുകളിൽ പലവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ക്രിസ്മസിലെ വിപണിയിലെ മിന്നും താരം പ്ലം കേക്ക് തന്നെ. മാജിക് പ്ലം, റിച്ച് പ്ലം, സ്‌കോട്ടിഷ് പ്ലം, റം ആൻഡ് റൈസം പ്ലം തുടങ്ങി പ്ലം കേക്കിലും വൈവിധ്യങ്ങളുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയും ഏവരുടെയും പ്രിയപ്പെട്ട രുചിയുമാണ് പ്ലം കേക്കിനെ താരമാക്കിയത്. പ്ലം കേക്കിന് മുകളിൽ ഷുഗർ ഐസിങ്ങുള്ള ഫൗണ്ടൻ കേക്കുകളാണ് ഇക്കുറി തിരിച്ചെത്തിയ താരം. ക്രീം കേക്കുകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ മറന്നുതുടങ്ങിയ ഐസിങ് കേക്കുകൾ അന്വേഷിച്ചെത്തി ഓർഡർ നൽകുന്നവരുണ്ടെന്ന് ബേക്കറിയുടമകൾ പറയുന്നു. ഡിസംബറിൽമാത്രം ജില്ലയിൽ 200 ടണ്ണിനു മുകളിൽ കേക്ക് കച്ചവടം നടക്കാറുണ്ട്.
തലസ്ഥാനത്തിന്റെ പ്രിയ കേക്ക്
141 വർഷങ്ങൾക്ക് മുമ്പ് ആദ്യമായൊരു ഇന്ത്യക്കാരൻ ചുട്ടെടുത്തൊരു പ്ലം കേക്ക്. തലശേരിയിലെ മമ്പള്ളി ബാപ്പുവെന്ന ബിസിനസുകാരനായിരുന്നു ബ്രിട്ടീഷ് പ്ലാന്ററായ മർഡോക് ബ്രൗണിന്റെ നിർദേശത്തിൽ 1883 ഡിസംബർ 20ന് കേക്കുണ്ടാക്കിയത്. ഇംഗ്ലണ്ടിൽനിന്നുള്ള കേക്കിൻ കഷണം രുചിച്ച് മനസ്സിലാക്കിയ ചേരുവയിൽ അതിനേക്കാൾ രുചിയേറിയൊരു കേക്ക്. ആ കേക്കിന്റെ രുചി പിന്നീട് ഇങ്ങ് തലസ്ഥാനത്തുമെത്തി. തിരുവനന്തപുരത്തെ ആദ്യകാല ബേക്കറികളിലൊന്നായ ശാന്താ ബേക്കറിയിലാണ് മമ്പള്ളി കേക്കിന്റെ പാരമ്പര്യം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ തലശേരി മമ്പള്ളി ബേക്കറിയിൽനിന്നുള്ള കേക്കുകളും എല്ലാ വർഷവും ഇവിടെ എത്തിക്കാറുണ്ടെന്ന് ശാന്താ ബേക്കറി ഉടമ പ്രേംനാഥ് മമ്പള്ളി പറയുന്നു. തന്റെ ആദ്യത്തെ പ്ലം കേക്ക് ബ്രൗണിന് കൈമാറിയ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്ന പെയിന്റിങ്ങും ശാന്താ ബേക്കറിയുടെ ചുമരിൽ കാണാം, മധുരമേറുന്ന മറ്റൊരോർമയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..