19 September Thursday

എൻഐടിയിലെ ഔദ്യോഗിക വിദ്യാർഥി കൂട്ടായ്മ; മലയാളി വിദ്യാർഥികൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കുന്നമംഗലം > നാലിൽ മൂന്ന്‌ മലയാളികൾ പഠിക്കുന്ന കലിക്കറ്റ് എൻഐടിയിലെ വിദ്യാർഥികളുടെ ഔദ്യോഗിക കൂട്ടായ്മയിൽനിന്ന്‌ മലയാളികളെ  പുറത്താക്കി എൻഐടി അധികൃതർ. സ്പീക്കർ അടക്കം പത്ത് അംഗ വിദ്യാർഥി ഗവേണിങ് ബോഡിയിൽ ജന. സെക്രട്ടറി അടക്കം അഞ്ച് സെക്രട്ടറി സ്ഥാനവും മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്താണ് അധികൃതർ മലയാളി വിദ്യാർഥികളെ പടിക്കുപുറത്താക്കിയത്. തിങ്കളാഴ്ച നടന്ന  തെരഞ്ഞെടുപ്പിൽ ഇതുമൂലം പ്രധാന സ്ഥാനങ്ങളിലേക്ക് മലയാളി വിദ്യാർഥികൾക്ക്‌ നാമനിർദേശപത്രികപോലും നൽകാൻ കഴിഞ്ഞില്ല.

മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണംചെയ്ത പിഎച്ച്ഡി അക്കാദമിക്  വിഭാഗത്തിൽ ആരും നാമനിർദേശപത്രിക സമർപ്പിച്ചിട്ടില്ല. കൾച്ചറൽ, ടെക്നിക്കൽ, സ്പോർട്സ്, പിജി അക്കാദമിക് സ്ഥാനങ്ങളിൽ മാത്രമേ പുതിയ തീരുമാനം അനുസരിച്ച് മലയാളി വിദ്യാർഥികൾക്ക് മത്സരിക്കാനാവൂ. ജന. സെക്രട്ടറി, ഫിനാൻസ്, ഹോസ്റ്റൽ തുടങ്ങി അഞ്ച് സ്ഥാനങ്ങളിലേക്കും മലയാളി വിദ്യാർഥികൾക്ക് മത്സരിക്കാനാവില്ല. നേരത്തെ സ്പീക്കറും 13 സെക്രട്ടറിമാരും ഉണ്ടായിരുന്ന സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ ഭേദഗതി ചെയ്ത് 21 അംഗ ഗവേണിങ് ബോഡി രൂപീകരിച്ചിട്ടുണ്ട്‌. ഇതിൽ പത്ത് വിദ്യാർഥി പ്രതിനിധികളും അഡ്മിനിസ്ട്രേഷൻ വിഭാഗം നോമിനേറ്റ് ചെയ്യുന്ന 11 ഫാക്കൽറ്റി പ്രതിനിധികളുമാണ്  ഉൾപ്പെടുക. തത്വത്തിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം   നാമനിർദേശം ചെയ്യുന്നവർക്കാവും ഭൂരിപക്ഷം.

അഡ്മിനിസ്ട്രേഷൻ വിഭാഗം എടുക്കുന്ന തീരുമാനങ്ങളെ പലപ്പോഴും വിദ്യാർഥികളുടെ ഔദ്യോഗിക ബോഡിയായ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ എതിർക്കാറുണ്ട്.  കഴിഞ്ഞ തവണ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന വിദ്യാർഥിയെ വൻ തുക പിഴ ചുമത്തി കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന്   ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവന്നു. ഭരണവിഭാഗത്തിന്റെ നിലപാടിന് അനുസരിച്ച് വിദ്യാർഥികൾ വഴങ്ങാതെ വന്നതോടെയാണ് വിദ്യാർഥികളുടെ ഔദ്യോഗിക കൂട്ടായ്മ പോലും തകർക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്‌.  

വിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടത്തിയിരുന്ന രാജ്യത്തെ പ്രമുഖ ടെക്‌നിക്കൽ ഫെസ്റ്റ് ആയ തത്വ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലോത്സവമായ രാഗ എന്നിവയ്‌ക്കും  കഴിഞ്ഞ വർഷം അനുമതി നിഷേധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top