21 November Thursday

കലിക്കറ്റിൽ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും ഇരട്ടത്താപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തേഞ്ഞിപ്പലം > പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും ഇരട്ടത്താപ്പുകാണിച്ച് കലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ. രാഷ്ട്രീയ താൽപ്പര്യമുള്ള സ്ഥലംമാറ്റം അനുവദിക്കുകയും വർഷങ്ങളായി കാത്തിരുന്ന്‌ ലഭിച്ച നാല് ജീവനക്കാരുടെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ തടഞ്ഞുവയ്‌ക്കുകയുംചെയ്ത നടപടിയാണ് ചോദ്യംചെയ്യപ്പെടുന്നത്. പെരുമാറ്റച്ചട്ടം വരുന്നതിനുമുമ്പേ ഇറങ്ങിയതാണ് ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ലിസ്റ്റ്. ഇതനുസരിച്ച് കലിക്കറ്റിൽനിന്ന്‌ കേരളയിലേക്ക് രണ്ടും കാർഷിക സർവകലാശാലയിലേക്കും കണ്ണൂരിലേക്കും ഓരോ ജീവനക്കാർ വീതവും പോകണം. മറ്റ് സർവകലാശാലകളിൽനിന്ന്‌ പകരമായി ഇവിടേക്കും ട്രാൻസ്ഫറുണ്ട്. സർവകലാശാലകൾ പരസ്പര ധാരണയോടെ അംഗീകരിച്ചതനുസരിച്ച് 29ന് നാല് ജീവനക്കാർക്കും വിടുതൽ നൽകണം. എന്നാൽ,  വിടുതൽ നൽകേണ്ട 29ന് പകൽ 12.30ന് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാണിച്ച്‌ വൈസ് ചാൻസലർ വിടുതൽ തടഞ്ഞു. ഇതോടെ വർഷങ്ങളായി കാത്തിരുന്ന് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ നാലുപേർക്കും കലിക്കറ്റിൽ തുടരേണ്ടി വന്നു.

എന്നാൽ, രാഷ്ട്രീയ താൽപ്പര്യമുള്ള സ്ഥലംമാറ്റത്തിന് താൽക്കാലിക വൈസ് ചാൻസലർക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായില്ല. വിദ്യാർഥിക്ഷേമ വിഭാഗത്തിൽനിന്നും ലീഗൽ സെല്ലിൽനിന്നും നിലവിലുള്ള സെക്ഷൻ ഓഫീസർമാരെ മാറ്റുകയും കോൺഗ്രസ്–-മുസ്ലിംലീഗ് അനുകൂല സംഘടനാ നേതാക്കളെ പകരം നിയമിക്കുകയുംചെയ്തു. പോളിങ്‌ കഴിഞ്ഞതിനുശേഷം നവംബർ 16ന് നടക്കുന്ന സെനറ്റ് യോഗത്തിന്റെ അജൻഡകളും പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ തടഞ്ഞിട്ടുണ്ട്. ഡിഗ്രി അവാർഡ് ചെയ്യൽ മാത്രമാക്കി അജൻഡ ചുരുക്കിയിട്ടുണ്ട് വൈസ് ചാൻസലർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top