01 November Friday

കലിക്കറ്റിൽ വിദ്യാർഥി രോഷമറിഞ്ഞ്‌ ഗവർണർ

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയിൽ എത്തിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധമിരമ്പി. ആരോഗ്യ സർവകലാശാലാ വൈസ്‌ ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ചട്ടവിരുദ്ധമായി പുനർ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സംഘപരിവാർ അനുകൂല ചെയറായ സനാതന ധർമപീഠത്തിന്റെ കെട്ടിട ശിലാസ്ഥാപനത്തിനാണ് ഗവർണർ കലിക്കറ്റിൽ എത്തിയത്. ശിലാസ്ഥാപന ചടങ്ങ്‌ നടക്കുന്ന സെമിനാർ ഹാളിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ പരീക്ഷാഭവനുമുന്നിൽ പൊലീസ്‌ ബാരിക്കേഡ്‌ കെട്ടി തടഞ്ഞു. തുടർന്ന്‌ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ റോഡിലിരുന്നു.

പ്രതിഷേധ യോഗം  എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്സൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി അക്ഷര അധ്യക്ഷയായി. ശിലാസ്ഥാപന ചടങ്ങ്‌ കഴിഞ്ഞ് ഗവർണർ സർവകലാശാലാ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ മടങ്ങുന്ന സമയത്ത്‌ പ്രവർത്തകർ ബാരിക്കേഡിനുമുകളിൽ കയറിനിന്ന്‌ കരിങ്കൊടി വീശുകയും സംഘി ചാൻസലർ ഗോ ബാക്ക്‌ എന്നെഴുതിയ ബാനർ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്‌തു.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ എന്നിവർ സംസാരിച്ചു.
സ്‌റ്റുഡന്റ്‌സ്‌ ട്രാപ്പിൽനിന്ന് പ്രകടനമായാണ്‌ പ്രവർത്തകർ സെമിനാർ ഹാൾ ഭാഗത്തേക്ക്‌ വന്നത്‌. സംസ്ഥാന കമ്മിറ്റിയംഗം നസീഫ്, കോഴിക്കോട്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സി മുഹമ്മദ്‌ ഫർഹാൻ, മലപ്പുറം ജില്ലാ ജോ. സെക്രട്ടറിമാരായ വി പി അഭിജിത്ത്, എം സുജിൻ, വൈസ് പ്രസിഡന്റുമാരായ എം പി ശ്യംജിത്ത്, ദിൽഷാദ് കബീർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സിമി മറിയം, എം കെ അനീസ്, അജ്മൽ അൻസാർ എന്നിവർ നേതൃത്വം നൽകി.

ഒന്നിനുപകരം 5 ബാനർ കെട്ടി എസ്‌എഫ്‌ഐ

ഗവർണർക്കെതിരെ പ്രതിഷേധമുയർത്തി കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ കെട്ടിയ ‘സംഘി ചാൻസലർ ഗോ ബാക്ക്' എന്നെഴുതിയ ബാനർ ചൊവ്വാഴ്‌ച രാത്രി പൊലീസിനെ ഉപയോഗിച്ച് അഴിച്ചുമാറ്റി. ബുധനാഴ്‌ച രാവിലെ പ്രകടനമായി എത്തിയ പ്രവർത്തകർ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച്‌ ബാനറുകൾ കെട്ടിയാണ്‌ ഇതിന് മറുപടി നൽകിയത്‌. ചൊവ്വ പകൽ എസ്‌എഫ്‌ഐ പ്രവർത്തകർ കെട്ടാൻകൊണ്ടുവന്ന ബാനർ പൊലീസ്‌ ബലമായി പിടിച്ചുവാങ്ങിയിരുന്നു. മണിക്കൂറുകൾക്കകം എസ്‌എഫ്‌ഐ പ്രവർത്തകർ പുതിയ ബാനർ കെട്ടി. ഈ ബാനറാണ്‌ രാത്രിയിൽ അഴിച്ചുമാറ്റിയത്‌. ഇതോടെ ബുധൻ രാവിലെ പ്രകടനവുമായെത്തി പ്രവർത്തകർ വീണ്ടും ബാനറും ബോർഡുകളും സ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top