22 December Sunday

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ തടവിൽ കഴിയുന്ന ഗൃഹനാഥനെ കാത്ത് കുടുംബം

ഇ ബാലകൃഷ്ണൻUpdated: Thursday Oct 31, 2024

പേരാമ്പ്ര > തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയൻ പൊലീസിന്റെ തടങ്കലിൽ കഴിയുന്ന കിഴക്കൻ പേരാമ്പ്ര സ്വദേശിയുടെ മോചനത്തിനായി കാത്ത് കുടുംബം. കൂത്താളി  കിഴക്കൻ പേരാമ്പ്ര കിഴക്കെ മാണിക്കോത്ത്കണ്ടി രാജീവനാണ് (47) ഒന്നര മാസമായി കംബോഡിയ ബിഎംസി ഹൈകോർട്ട് ജയിലിൽ കഴിയുന്നത്. 65 പേരുള്ള തടങ്കൽ പാളയത്തിൽ ആറ് ഇന്ത്യക്കാരാണുള്ളത്. ഇതിൽ ഏക മലയാളിയാണ് രാജീവൻ. ക്രൂരമർദനങ്ങൾക്കിരയായി ഭക്ഷണവും വെള്ളവും കിട്ടാതെ കടുത്ത ദുരിതത്തിലാണ് ഇവർ കഴിയുന്നതെന്ന് ഒരു ഉത്തരേന്ത്യക്കാരനാണ് കുടുംബത്തെ അറിയിച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എത്രയുംവേഗം മോചിപ്പിച്ചില്ലെങ്കിൽ ജീവൻപോലും അപകടത്തിലാണെന്നാണ്  രാജീവന്റെ കോട്ടയത്തുള്ള സുഹൃത്തിനെ അറിയിച്ചത്.

16 വർഷം സൗദി അറേബ്യയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിചെയ്ത രാജീവൻ 2018 ലാണ് നാട്ടിലെത്തിയത്. തുടർന്ന് റഷ്യയിലും ബഹ്റൈനിലും ജോലിചെയ്തു. ആറ് മാസം മുമ്പ്‌ വീട്ടിലെത്തി. ബഹ്റൈനിൽ ജോലിചെയ്യവെ പരിചയമുള്ള പത്തനംതിട്ട സ്വദേശി മുരളിയുടെ കൂടെ കഴിഞ്ഞ ജൂൺ 10 നാണ്  ബാങ്കോക്കിലേക്ക് പുതിയ ജോലിക്കായി പോയത്. രണ്ടാഴ്ച മുരളിക്കൊപ്പം ജോലിചെയ്തു. തുടർന്ന് പത്തനംതിട്ട സ്വദേശി ജോജിനാണ് മറ്റൊരു ജോലിക്കായി കംബോഡിയയിൽ എത്തിച്ചത്.

കംബോഡിയയിൽ നിന്ന്‌ 400 കിലോമീറ്റർ അകലെ അവികസിതമേഖലയായ പോയ് പെട്ടിൽ ചൈനീസ്  കോൾ സെന്ററിലായിരുന്നു ജോലി. ആദ്യകാലത്ത്‌ വാട്സാപ്പ് കോളായും വീഡിയോ കോളായും ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. അവസാനമായി സെപ്തംബർ 14നാണ് വിളിച്ചത്. ഓണനാളിൽ ഭാര്യ സിന്ധു അങ്ങോട്ട് വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു. തുടർന്ന് ജോജിനുമായി ബന്ധപ്പെട്ടപ്പോൾ അയാൾ ഖത്തറിലാണെന്നാണ് മറുപടി ലഭിച്ചത്‌. പിന്നീട്‌ കോട്ടയത്തുള്ള സുഹൃത്ത് ജോസിനെ ബന്ധപ്പെട്ടപ്പോഴാണ്‌ തടവിലായ കാര്യം അറിയുന്നത്‌.

സെപ്തംബർ 18ന് കുടുംബം പെരുവണ്ണാമൂഴി പൊലീസിൽ പരാതിനൽകി. ജോൺ ബ്രിട്ടാസ് എംപി, ടി പി രാമകൃഷ്ണൻ എംഎൽഎ എന്നിവർക്കും പരാതിനൽകി. ടി പി രാമകൃഷ്ണൻ മുഖേന മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അടിയന്തര നടപടിക്കായി നോർക്ക റൂട്ട്സ് പ്രിൻസിപ്പൽ
സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ കത്ത് കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അമ്മ ദേവി, ഭാര്യ സിന്ധു, ഡിഗ്രി രണ്ടാം വർഷവിദ്യാർത്ഥിനിയായ മകൾ വൈഷ്ണവി, ഭാര്യാമാതാവ് അമ്മാളു എന്നിവരടങ്ങുന്ന കുടുംബം രാജീവനെ ആശ്രയിച്ചാണ്‌ കഴിയുന്നത്. വീടിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാത്തതിനാൽ ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. എത്രയുംവേഗം മോചനം സാധ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top