22 December Sunday

കാലത്തിനൊപ്പമോ.... അതുക്കും മുന്നേ

ജ്യോതിമോൾ ജോസഫ്Updated: Monday Aug 12, 2024

കോട്ടയം > നാട്ടിൻപുറത്ത്‌ റേഡിയോയും ടേപ്പ്‌ റെക്കോഡറുകളുമൊക്കെ അരങ്ങുവാണിരുന്ന, ടെലിവിഷൻ വിരളമെന്നുതന്നെ പറയാവുന്ന കാലം. അങ്ങനൊരുകാലത്ത്‌ നാട്ടിൻപുറത്തെ കോളേജിന്‌ സ്വന്തമായൊരു ടെലിവിഷൻ ചാനൽ വരുമോ? വന്നല്ലോ... അങ്ങനൊരു ചാനൽവന്നു. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ചാനൽ ക്യാമ്പസിൽനിന്ന്‌ പ്രവർത്തനമാരംഭിച്ചു ‘എസ്‌ജിസി’. ക്യാമ്പസിലെ വിദ്യാർഥികളെ ഒപ്പംചേർത്ത്‌ നാടിന്റെ സ്‌പന്ദനമറിയുന്ന ടെലിവിഷൻ ചാനലിന്റെ പിറവി.
കോട്ടയത്തിന്റെയും ഇടുക്കിയുടെയും അതിർത്തിപ്രദേശമായ ഈരാറ്റുപേട്ടയിൽ മലയോരമേഖലകളിലെ കുട്ടികളുടെ ആശ്രയമായ കലാലയം, അരുവിത്തുറ സെന്റ്‌ ജോർജസ്‌ കോളേജ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾക്കും അപ്പുറം ചിന്തിച്ചവരുടെ കൂട്ടായ്‌മ കലാലയത്തിന്റെ മാറ്റുകൂട്ടി.

എസ്‌ജിസി

ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ്‌ ചാനലും കമ്യൂണിറ്റി ടെലികാസ്‌റ്റിങ്‌ സെന്ററും ഇപ്പോൾ രജതജൂബിലി വർഷത്തിലാണ്‌. ദൃശ്യമാധ്യമ രംഗത്ത് രാജ്യത്തുടനീളമുണ്ടായ വിപ്ലവകരമായ മാറ്റത്തിന് ഒപ്പംനിന്ന അരുവിത്തുറ കോളേജ് 1998 ലാണ് കമ്യൂണിറ്റി ടെലികാസ്റ്റിങ്ങ് സെന്റർ എന്ന ആശയത്തിന്‌ തുടക്കമിട്ടത്‌. നാൽപ്പതിൽപരം ടെലിവിഷൻ ചാനലുകൾ ഒരു കേബിൾ ശൃംഖലയിലൂടെ മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരമേഖലകളിൽ വീടുവീടാന്തരം എത്തിക്കാൻ കോളേജ്‌ നടത്തിയത്‌ വിപുലമായ മുന്നൊരുക്കങ്ങൾ. ഇതിനായി 14 ഫ്രാഞ്ചൈസികളുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് കോളേജ് എസ്ജിസി കേബിൾ നെറ്റ് വർക്കിന് രൂപം നൽകി. ഈസമയം ദൂരദർശനുപുറമെ ഏഷ്യാനെറ്റ്, സൂര്യ എന്നീ മലയാളം ചാനലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവയ്‌ക്കൊപ്പം അരുവിത്തുറ കോളേജിന്റെ സ്വന്തം എസിജിസി ടിവിയും 1999 നവംബർ 19ന് പ്രവർത്തനമാരംഭിച്ചു. നിയമസഭാ സ്പീക്കറായിരുന്ന എം വിജയകുമാറാണ് സംരംഭം ഉദ്ഘാടനംചെയ്തത്.

പരിപാടികളിൽനിന്ന്‌ വാർത്തകളിലേക്ക്‌

ഫോൺ ഇൻ പ്രോഗ്രാം പോലുള്ളവയായിരുന്നു തുടക്കത്തിൽ സംപ്രേക്ഷണം ചെയ്‌തിരുന്നത്‌. പിന്നീട്‌ പ്രദേശിക വാർത്തകളും എത്തിത്തുടങ്ങി. കോളേജിലെ വിദ്യാർഥികൾ വാർത്താ അവതാരകരായി. സ്വന്തം ന്യൂസ്‌ ബ്യൂറോയും സ്‌റ്റുഡിയോയുമൊക്കെയായി ചാനൽ സർവസജ്ജമായി. വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികർ, വിദ്യാഭ്യാസാധിഷ്ഠിത പരിപാടികൾ, ചർച്ചകൾ, യാത്രാവിവരണങ്ങൾ, സിനിമാ റിവ്യു തുടങ്ങിയവയുമായി ചാനലിന്നും സജീവം.
ചാനലിനൊപ്പം ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ ആൻഡ്‌ ബ്രോഡ്കാസ്റ്റിങ് ജേർണലിസം, ബിഎ ഇംഗ്ലീഷ് വിത്ത് ബ്രോഡ്കാസ്റ്റിങ് ആൻഡ് ബ്രോഡ്കാസ്റ്റർ കോഴ്സുകളും ആരംഭിച്ചിരുന്നു. ഇന്ന് പത്ര–-ദൃശ്യമാധ്യമ രംഗത്ത്‌ സജീവമായ നിരവധിപേർക്ക് ജന്മംനൽകാൻ എസ്‌ജിസി ടിവിയിലൂടെ അരുവിത്തുറ കോളേജിനായി.

മാറ്റത്തിനൊപ്പം

അനലോഗ് സംവിധാനത്തിൽനിന്ന്‌ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കും എച്ച്ഡി ദൃശ്യമികവിലേക്കും ചാനൽ വളർന്നു. ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും സമീപത്തെ 11 പഞ്ചായത്തുകളിലുമായി 25,000 ത്തോളം കുടുംബങ്ങളിൽ എസ്‌ജിസി ടിവിയുടെ സാന്നിധ്യമുണ്ട്. ചാനലിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ബിഎ മാസ് കമ്യൂണിക്കേഷൻ കോഴ്‌സും നടത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top