22 November Friday
എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി

കാൻസർ രോഗിക്ക് മെഡി ക്ലെയിം തുക നിഷേധിച്ചു; ഇൻഷൂറൻസ് കമ്പനിക്ക് പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കൊച്ചി> നേരത്തെ രോഗമുണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയോട് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഇൻഷുറൻസ് ഓംബുഡ്സ്മാന്റെയും നിലപാട് തള്ളിയാണ് കാൻസർ രോഗിയായ ഉപഭോക്താവിന് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

രണ്ട് ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സഹിതം 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് കോടതി നിർദേശം. വീഴ്ചവരുത്തിയാൽ പലിശസഹിതം നൽകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

ഇൻഷുറൻസ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം സ്വദേശി അജയകുമാർ കാൻസർ ബാധിതനാണെന്ന വിവരം അറിയുന്നത്. തുടർന്ന് ചികിത്സാ ചെലവിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നൽകാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പുതന്നെ ക്യാൻസർ ബാധിതനായിരുന്നു എന്നായിരുന്നു കാരണം പറഞ്ഞത്.

ഇതിന് തെളിവിനായി കമ്പനി മുൻകൂർ മെഡിക്കൽ ചെക്കപ്പ് നടത്തിയിരുന്നില്ല. പോളിസി എടുക്കുംമുൻപ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു.

 

രോഗബാധിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്ന വാദം ഇൻഷുറൻസ് ഓംബുഡ്സ്മാൻ അംഗീകരിച്ചിരുന്നു. ഇത് പ്രകാരം പരാതി തള്ളിയതാണെന്ന് ഇൻഷുറൻസ് കമ്പനി ഉപഭോക്തൃ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, രോഗം മറച്ചുവെച്ച് പോളിസി എടുത്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഇൻഷുറൻസ് പോളിസിയിൽ ചേർക്കുന്നതിനു മുൻപ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്കാണ്. പോളിസിയിൽ ചേർന്നതിനു ശേഷം ക്ലെയിം തുക ചോദിക്കുമ്പോൾ നേരത്തെ രോഗിയായിരുന്നു എന്ന് തർക്കമുന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top