തൃശൂര്‍> പാലക്കാട് -തൃശൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറിയില്‍ നിന്നും എക്‌സൈസ് ഇന്റലിജന്‍സ് 60 കിലോ കഞ്ചാവ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന വാഹന പരിശോധനയ്ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. കെ. സനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാറും റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനനും സംഘവും ചരക്കു വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തി വരവെ TN-38-BH-9509 ചരക്കു ലോറി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതില്നാല്‍ വാണിയംപാറയില്‍ വെച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വാഹനത്തില്‍ മുന്‍ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കണ്ട് സംശയം തോന്നി ഡ്രൈവറെ ചോദ്യം ചെയ്തു പരിശോധന നടത്തിയതില്‍ വാഹനത്തില്‍ കഞ്ചാവിന്റെ മണം അനുഭവപ്പെടുകയും തുടര്‍ന്ന് വാഹനം അഴിച്ചു പരിശോധിച്ചതില്‍ 29 ബാഗ് കഞ്ചാവ് ചരക്ക് ലോറിയുടെ ക്യാബിനില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.
സനീഷ് , പുത്തന്‍ പുരയ്ക്കല്‍, പയ്യപ്പിള്ളി മൂല, പുത്തൂര്‍; സാബു: കാളന്‍, അഞ്ചേരി, എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ ആന്ധ്രയില്‍ നിന്നും കയറ്റിയതാണ് കഞ്ചാവ്. മണ്ണുത്തി എത്തിയാല്‍ ഈ വാഹനത്തിന് മുന്‍പില്‍ പൈലറ്റ് വണ്ടി എത്തും, അവര്‍ ഇറക്കേണ്ട സ്ഥലം കാണിച്ചു തരും എന്നതാണ് നിര്‍ദേശം.
പണവും, കൂലിയും അവര്‍ വഹിക്കും. വലിയ ഡീല്‍ മാത്രമേ നടത്തൂ. ജില്ലയില്‍ കഞ്ചാവ് വിപണനം തഴച്ചു വളരുകയാണ്, അമിത ലാഭം മോഹിച്ചു ആന്ധ്ര, ഒഡീഷ, തമിഴ് നാട്, എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് എത്തിച്ചു സ്റ്റോക്ക് ചെയ്തു വിദ്യാര്‍ത്ഥികളും, മറ്റു ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളും, സാമൂഹ്യ വിരുദ്ധരും ലിങ്ക് ചെയ്ത് രാത്രിയും പകലും വില്പന നടത്തുകയാണ്.
കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് 375 കിലോ കഞ്ചാവ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. ഡിസംബറില്‍ 23 കിലോ പിടികൂടി. കഴിഞ്ഞ ദിവസം പാലക്കാട് വ്യത്യസ്ത കേസുകളിലായി പിടികൂടിയ 30 കിലോ കഞ്ചാവ് കൊണ്ടുവന്ന പ്രതികള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..