17 September Tuesday

ചിരിയിൽ ചാലിച്ച ചിന്തയുമായി ‘കാരിട്ടൂൺ’ തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2024

‘കാരിട്ടൂൺ’ കാർട്ടൂൺ മേള കൊച്ചി ദർബാർ ഹാളിൽ കാർട്ടൂൺവരച്ച്‌ ഉദ്‌ഘാടനം ചെയ്‌തശേഷം ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ചിത്രം ഫോണിൽ പകർത്തുന്നു


കൊച്ചി
നർമത്തിലൂടെ ചിന്തയുടെ വാതായനങ്ങൾ തുറക്കുന്ന ‘കാരിട്ടൂൺ’ കാർട്ടൂൺ മേളയ്‌ക്ക്‌ കൊച്ചിയിൽ തുടക്കം. കാരിക്കേച്ചറും ചിരിപടർത്തുന്ന കാർട്ടൂണുകളും അനുബന്ധ പരിപാടികളുമായുള്ള ‘കാരിട്ടൂൺ’ ദർബാർ ഹാളിൽ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് കാർട്ടൂൺ വരച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. പറയാതെ പറയുക, കുറച്ച്‌ വാക്കുകളിൽ ഉച്ചത്തിൽ സംസാരിക്കുക ഇതാണ്‌ കാർട്ടൂണുകൾ ചെയ്യുന്നതെന്ന്‌ ഡോ. സോമനാഥ്‌ പറഞ്ഞു. കാർട്ടൂണിസ്റ്റുകൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം ചടങ്ങിൽ സമ്മാനിച്ചു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അധ്യക്ഷനായി. ചലച്ചിത്ര അവാർഡ് ജേതാക്കളായ ജോഷി ബെനഡിക്ട്, സുമംഗല, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ്‌ കാർട്ടൂണിസ്റ്റ് എ സജീവ് എന്നിവരെ ഡോ. സോമനാഥ്‌ ആദരിച്ചു. സ്വിറ്റ്സർലൻഡ് ഡെപ്യൂട്ടി കോൺസൽ ജനറൽ പാട്രിക് മുല്ലർ, കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ് തുടങ്ങിയവർ സംസാരിച്ചു.

സോമനാഥ് ക്യൂറേറ്റ് ചെയ്ത സ്പേയ്സ് കാർട്ടൂണുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇന്ത്യ ചന്ദ്രനിൽ എത്തിയതിന്റെ ഒന്നാം വാർഷികാഘോഷത്തിനുമുന്നോടിയായുള്ള നൂറ്റമ്പതോളം കാർട്ടൂണുകൾ ദർബാർ ഹാൾ ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്നുണ്ട്‌. ഇന്ത്യ–-സ്വിറ്റ്സർലൻഡ്‌ സൗഹൃദത്തിന്റെ 75–-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–- സ്വിറ്റ്സർലൻഡ് ബന്ധത്തിന്റെയും വിജയത്തിന്റെയും കഥപറയുന്ന തെരഞ്ഞെടുത്ത 19 കാർട്ടൂണുകളും പ്രദർശനത്തിലുണ്ട്‌. കാരിക്കേച്ചർ ചലഞ്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹൈക്കോടതി പരിസരത്ത്‌ നടത്തും. രണ്ടുദിവസത്തെ കുട്ടികളുടെ കാർട്ടൂൺ കളരി ചാവറ കൾച്ചറൽ സെന്ററിൽ ശനിയാഴ്‌ച നടക്കും. ഞായർ വൈകിട്ട്‌ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top