22 December Sunday

സഹകരണ സൊസൈറ്റിയിൽ 10 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ബിജെപി നേതാക്കൾക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം> നിക്ഷേപകരുടെ 20 കോടിയിലധികം രൂപ തട്ടിയെന്ന പരാതിയിൽ ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അം​ഗങ്ങൾക്കെതിരെ പൊലീസ്‌ കേസെടുത്തു. അമ്പതിലധികം പേരുടെ പരാതിയെത്തുടർന്നാണ് ഫോർട്ട് പൊലീസ് കേസെടുത്തത്.

ബിജെപി നേതാക്കളാണ് തകരപ്പറമ്പിലുള്ള സംഘത്തിന്റെ ബോർഡിലുള്ളത്. മുതിർന്ന ബിജെപി നേതാവും മുൻ വക്താവുമായിരുന്ന എം എസ്‌ കുമാർ സംഘത്തിന്റെ മുൻ പ്രസിഡന്റായിരുന്നു. ഭരണസമിതിക്കെതിരെ രണ്ട് ​ദിവസത്തിനിടെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. നൂറിലധികം പരാതിക്കാരുണ്ടെന്നും ഈ പരാതിയിലെല്ലാം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി. മുൻ ബോർഡ് അംഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. പല തവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്ന് നിക്ഷേപകർ പരാതിയിൽ പറയുന്നു. സംഘത്തിന് ആറ്റുകാലിലും ശാസ്‌തമം​ഗലത്തും മണക്കാടും ശാഖയുണ്ട്. തകരപ്പറമ്പിലെ പ്രധാന ഓഫീസും ശാഖയും പൂട്ടിയനിലയിലാണ്. 10 കോടിക്ക്‌ മുകളിൽ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്റ്റാച്യു സ്വദേശി ടി സുധാദേവി (77)യുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്.

ഇവർക്ക് 85 ലക്ഷം രൂപ നഷ്‌ടമായി. കഴിഞ്ഞ ഏപ്രിൽ 28-ന് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം നൽകിയില്ല. വഞ്ചിയൂർ ചിറക്കുളം സ്വദേശി വി എസ് ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്‌ടമായെന്നാണ് പരാതി. വെള്ളനാട് സ്വദേശി ദിനചന്ദ്രന് 20 ലക്ഷം രൂപ നഷ്‌ടമായി. 50 ലക്ഷം രൂപമുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പെൻഷൻ പറ്റിയവരാണ് കൂടുതലും നിക്ഷേപകർ.

20 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് കണ്ടെത്തൽ

ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ ഭരണസമിതി നടത്തിയ തട്ടിപ്പിൽ 20 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപകരുടെ പരാതിയെത്തുടർന്ന് വകുപ്പ് കഴിഞ്ഞ വർഷമാണ് അന്വഷണം നടത്തിയത്. ഭരണസമിതിക്കാർ ചട്ടങ്ങൾ മറികടന്ന്‌ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും പേരുകളിൽ വായ്‌പ തരപ്പെടുത്തി നിക്ഷേപം കൈക്കലാക്കുകയായിരുന്നു.

ഇതിനെത്തുടർന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. 50 കോടിയോളം രൂപയാണ് സംഘം നിക്ഷേപകർക്ക് നൽകാനുള്ളത്. എന്നാൽ, സംഘത്തിന് കിട്ടാനുള്ളത് 20 കോടി രൂപ മാത്രമാണ്. ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ഉൾപ്പെടെ ക്രമക്കേടുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

പുറത്തായത്‌ വൻ തട്ടിപ്പ്‌

സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ:
ഭരണസമിതിയുടെ അംഗീകാരം ഇല്ലാതെ കലക്‌ഷൻ ഏജന്റിന് നൽകിയ കമീഷൻ തുക- 4.11 കോടി, മണക്കാട് ശാഖ അനുമതിയില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് -2.97 ലക്ഷം, മുഖ്യഓഫീസ് അനുമതിയില്ലാതെ മാറ്റിയത് -6.43 ലക്ഷം, തസ്തികകൾക്ക് അനുവാദം ഇല്ലാതെ വേതനം നൽകിയത് -3.21 ലക്ഷം, വായ്പകളിൽ അധിക പലിശ ഇളവ് നൽകിയത്- 17.47 ലക്ഷം, എംഡിഎസിന് അധിക പലിശ ഇളവ് നൽകിയ വകയിൽ- 3.48 ലക്ഷം, മതിയായ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ചെക്കും ജാമ്യകടപത്രവും ഈടായി സ്വീകരിച്ച് വായ്‌പ നൽകിയത്-  19.89 കോടി, സംഘത്തിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പൊതുഫണ്ട് നഷ്ടപ്പെടുത്തിയത്- 7.53 ലക്ഷം, പ്രതിമാസ നിക്ഷേപദ്ധതികളിൽ പിരിഞ്ഞ് കിട്ടാനുള്ളത്- 6.84 കോടി, തുടർച്ചാനുമതിയില്ലാതെ ശാഖകൾ പ്രവർത്തിപ്പിച്ചതിൽ- 7.52 ലക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top