21 November Thursday

സൈബര്‍ ആക്രമണം ; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


കോഴിക്കോട്
വ്യാപക സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിൽ മരിച്ച അർജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമീഷണർ ടി നാരായണന് അർജുന്റെ സഹോദരി അഞ്ജു നൽകിയ പരാതിയിലാണ് മനാഫിനെ ഒന്നാം പ്രതിയാക്കി ചേവായൂര്‍ പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് അസി. കമീഷണർ എ ഉമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാതിക്കാരുടെ കുടുംബപശ്ചാത്തലവും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് മനാഫ്  സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്നാണ് എഫ്ഐആര്‍. പരാതിക്കാരിയിൽനിന്ന്  വീണ്ടും മൊഴിയെടുക്കും. സമൂഹമാധ്യമ അക്കൗണ്ടുകളും ചാനലുകളും പരിശോധിക്കും. തുടർന്ന് മനാഫിനെ ചോദ്യംചെയ്യാനാണ് തീരുമാനം.

യൂട്യൂബ് ചാനൽ  വീഡിയോകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും  വിദ്വേഷജനകമായ കമന്റുകളായിരുന്നു കുടുംബത്തിനെതിരെ  പ്രചരിച്ചത്. വർ​ഗീയ കമന്റുകൾകൂടെ വന്നതോടെയാണ് കുടുംബം പരാതിനൽകിയത്. അഞ്ജുവിനൊപ്പം ഭർത്താവ് ജിതിൻ, അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ എന്നിവർ വ്യാഴാഴ്ചയാണ് കമീഷണര്‍ക്ക് പരാതിനൽകിയത്.

കേസെടുത്താലും അർജുന്റെ
കുടുംബത്തോടൊപ്പം നിൽക്കും: മനാഫ്
എന്ത് കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അര്‍‌ജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് മനാഫ്. മോശമായി ഒന്നും പറഞ്ഞിട്ടില്ല. സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മനാഫ്. അർജുനെ കാണാതായത് മുതൽ കുടുംബത്തിന് അനുകൂലമായാണ് നിൽക്കുന്നത്. ഇപ്പോൾ കേസെടുത്തത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് പറഞ്ഞു.

‘ഫൈന്‍ഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി
പിരിച്ചുവിട്ടു
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർ‌ജുനെ വീണ്ടെടുക്കുന്നതിനായി രൂപീകരിച്ച ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു. അർജുനെ കണ്ടെത്താനായി ലോറി ഉടമകളും തൊഴിലാളികളും നടത്തിയ പ്രതിഷേധത്തെ തുടർന്ന്  ഈ രംഗത്തെ മുഴുവൻ ട്രേഡ് യൂണിയനുകളും ഉടമാ സംഘടനകളും സന്നദ്ധ പ്രവർത്തകരും കൂടി ചേർന്നാണ് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. പ്രവർത്തനം ലക്ഷ്യം കണ്ടതിനെ തുടർന്നാണ് കമ്മിറ്റി യോഗം ചേർന്ന് പിരിച്ചുവിടാൻ തീരുമാനിച്ചത്. കേരളത്തിന്റെ നോവായി മാറിയ അർജുന്റെ കുടുംബത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണത്തിൽനിന്ന് എല്ലാവരും പിന്തിരിയണമെന്നും ആക്‌ഷൻ കമ്മിറ്റി  ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അഭ്യർഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top