തിരുവനന്തപുരം > വൈദ്യുതപോസ്‌റ്റിൽ ഇനി പരസ്യം പതിച്ചാൽ പൊലീസ് കേസെടുക്കും. "മാലിന്യമുക്ത കേരളം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയെ തുടർന്നാണ് കെഎസ്‌ഇബി നടപടിക്ക് ഒരുങ്ങുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആക്‌ട് 120 ഡി (ഉടമസ്ഥന്റെ അനുവാദമില്ലാതെ പോസ്‌റ്ററുകളോ ചിഹ്നങ്ങളോ എഴുത്തുകളോ പതിപ്പിക്കുന്നതിനെതിരായ വകുപ്പ്) പ്രകാരം പൊലീസ് കേസെടുക്കും.
ശിക്ഷിക്കപ്പെട്ടാൽ ഒരുവർഷം വരെ തടവോ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. രാഷ്‌ട്രീയപാർടികളുടെ പോസ്‌റ്ററോ ചിഹ്നമോ ആണെങ്കിൽ പ്രാദേശിക നേതാക്കളാകും പ്രതി. മറ്റ് വിപണന പരസ്യങ്ങൾക്ക് ഉടമ പ്രതിയാകും.
വൈദ്യുതി ബില്ലിൽ ശുചിത്വ സന്ദേശം ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്. കെഎസ്‌ഇബി ഓഫീസുകളിലെ മാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കും. പ്ലാസ്‌റ്റിക് മാലിന്യം പൂർണമായും ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണം. ഖരമാലിന്യ പരിപാലനചട്ടം 2016, പ്ലാസ്‌റ്റിക് വേസ്‌റ്റ് മാനേജ്മെന്റ് ചട്ടം 2016 എന്നിവ കർശനമായി പാലിക്കണമെന്നും ചെയർമാൻ ബിജു പ്രഭാകർ നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..