22 December Sunday

കാതോലിക്കാ ബാവയുടേത് പൊതുസമൂഹത്തിന്റെ സേവനത്തിനായി ഉഴിഞ്ഞുവച്ച ജീവിതം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം > യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു പ്രഥമൻ ബാവയുടേതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള  ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു.  നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലും സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ്  നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top