തിരുവനന്തപുരം
വയനാട് ധനസഹായത്തിനായി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിലെ എസ്റ്റിമേറ്റിനെ ചെലവായി ചിത്രീകരിച്ച് ഒരു സംഘം മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരവേല ഏറ്റുപിടിച്ച പ്രതിപക്ഷത്തിനും തിരിച്ചടി. അർഹമായ സഹായം തടയാൻ കേന്ദ്രസർക്കാർ കള്ളപ്രചാരണം ആയുധമാക്കുമെന്ന ആശങ്കയും വ്യാപകം.
പുറ്റിങ്ങൽ ദുരന്തത്തിലടക്കം യുഡിഎഫ് സർക്കാർ സമർപ്പിച്ച നിവേദനങ്ങളിലും സമാന മാനദണ്ഡമാണ് പാലിച്ചത്. 117 കോടി രൂപയുടെ പ്രതീക്ഷിത ചെലവിൽ, ഒരു വീട്ടിലേക്കുള്ള വസ്‌ത്രത്തിന് മാത്രം 50,000 രൂപ വേണ്ടിവരുമെന്നതുൾപ്പെടെയുള്ള കണക്കുകളുണ്ട്.
മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും ബുധനാഴ്ചയോടെ വ്യാജപ്രചാരണത്തിൽനിന്ന് പിന്മാറിയെങ്കിലും ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മാധ്യമങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഹൈക്കോടതി വിധി പകർപ്പിനൊപ്പമുള്ള മെമോറാണ്ടമാണ് പുറത്തുവിട്ടതെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതീക്ഷിത ചെലവിനെ കള്ളക്കണക്കായി വ്യാഖ്യാനിക്കുന്ന പ്രതിപക്ഷ നേതാവ് പുറ്റിങ്ങൽ അടക്കം ഇതിനകം പുറത്തുവന്ന 2012 മുതലുള്ള നിവേദനങ്ങളിലെ കണക്ക് കണ്ടില്ലെന്ന് നടിക്കുന്നു. ജനരോഷം ഭയന്ന്, വയനാടിന്റെ കാര്യത്തിൽ തങ്ങൾ സർക്കാരിനൊപ്പമാണെന്ന് പറയുകയും അവസരം കിട്ടുമ്പോൾ സർക്കാർ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയുമാണ് പ്രതിപക്ഷം.
സർക്കാർ ഇടപെടലും രക്ഷാപ്രവർത്തനവും പുനരധിവാസവുമാണ് പ്രതിപക്ഷത്തേയും ഒരുവിഭാഗം മാധ്യമങ്ങളേയും ആശങ്കപ്പെടുത്തുന്നത്. പുനധിവാസ പദ്ധതി സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു. നിശ്ചിതസമയത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. കേന്ദ്രസഹായം അതിന് നിർണായകവുമാണ്. ഈ ഘട്ടത്തിലാണ് സഹായം തടയുന്നതിനായി ഒരുകൂട്ടം മാധ്യമങ്ങൾ നടത്തിയ കുത്സിതശ്രമങ്ങൾക്കൊപ്പം പ്രതിപക്ഷവും ചേർന്നത്.
വ്യാജവാർത്തയെ ന്യായീകരിക്കാൻ
ഉമ്മൻ ചാണ്ടിയെയും തള്ളി സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വ്യാജവാർത്തകളെ ന്യായീകരിക്കാൻ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2016ൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടപകടശേഷം അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാക്കിയ നിവേദനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ചില പുഴുക്കുത്തുകളുണ്ട്. അത് മനസ്സിലാക്കണം’ എന്നായിരുന്നു സതീശന്റെ പ്രതികരണം.
പുറ്റിങ്ങൽ ദുരന്തത്തിന്റെ 16–-ാം ദിവസമാണ് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയത്. പ്രധാനമന്ത്രി വന്നുപോയതമല്ലാതെ കേന്ദ്ര സഹായം ലഭിച്ചില്ല. അതും പെരുപ്പിച്ച കണക്കാണോ എന്ന ചോദ്യത്തിനാണ് ഉമ്മൻ ചാണ്ടിക്കെതിരെ മുനവച്ചുള്ള മറുപടി.
വയനാട് ദുരന്തത്തിന്റെ പത്താംദിവസം അടിയന്തര സഹായത്തിനായി തയ്യാറാക്കിയ നിവേദനത്തിലെ കണക്കിനെ സർക്കാരിന്റെ ചെലവ് എന്നു വിശേഷിപ്പിച്ച് ചാനലുകൾ വ്യാജവാർത്ത നൽകിയിരുന്നു. സർക്കാരിന്റെ വിശദീകരണംവന്നതോടെ ചാനലുകൾ നിവേദനമെന്ന് മാറ്റിയെങ്കിലും അമിതകണക്ക് എന്ന പ്രചാരണം തുടർന്നു. അതും പൊളിഞ്ഞെങ്കിലും യുഡിഎഫ്, ബിജെപി നേതാക്കൾ വ്യാജവാർത്ത ഏറ്റെടുത്തു. എസ്‌ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല നിവേദനം തയ്യാറാക്കിയത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. എസ്‌ഡിആർഎഫ് മാനദണ്ഡമനുസരിച്ചുള്ളതും പ്രതീക്ഷിക്കുന്ന യഥാർഥ ചെലവും നിവേദനത്തിൽ പ്രത്യേകം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..