22 December Sunday

കേന്ദ്രമന്ത്രി വ്യക്തമാക്കണം: മരിച്ച എസ്റ്റേറ്റ്‌ തൊഴിലാളികളോ 
കുടിയേറ്റക്കാർ?

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

തിരുവനന്തപുരം
ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റ്‌ തൊഴിലാളികളും ചെറിയ തുണ്ട്‌ ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരുമാണോ  അനധികൃത കുടിയേറ്റക്കാരെന്ന്‌ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്‌ വ്യക്തമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.   

വയനാട്ടിലെ ദുരന്തത്തിനിരയായവരെ ദുരാരോപണങ്ങളിലൂടെ അപമാനിക്കരുത്‌.  ഓല മടക്കിവെച്ച് കൂരകെട്ടിയ തോട്ടം തൊഴിലാളികൾ അനധികൃത കയ്യേറ്റക്കാരാണെന്നാണ്‌ പറയുന്ന കേന്ദ്രമന്ത്രി  ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തം പാവപ്പെട്ട തൊഴിലാളികളുടെ തലയിൽ ചാർത്തുകയാണ്‌–- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക്, അവിടെ ജീവിക്കുന്നവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്താനാകില്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ കുടിയേറ്റത്തിന്‌. അതെക്കുറിച്ചൊന്നും ധാരണയില്ലാതെ അവരെ കുടിയേറ്റക്കാരെന്ന ഒറ്റ അച്ചിൽ ഒതുക്കുന്ന പ്രചാരണം ഉചിതമല്ല.

ഒരു പ്രദേശത്തെയാകെ നാമാവശേഷമാക്കിയ ദുരന്തം ഏൽപ്പിച്ച മാനസികാഘാതത്തിൽനിന്ന്‌ കേരളം മോചിതമായിട്ടില്ല. ദുരന്തം ആവർത്തിക്കാതിരിക്കാൻ മെച്ചപ്പെട്ട സംവിധാനമൊരുക്കണം. ആഴത്തിലുള്ള ചിന്തകൾക്കും കൂട്ടായ പരിശ്രമങ്ങൾക്കുംമുമ്പുള്ള ഘട്ടമാണിത്. ഇതിനെ സങ്കുചിത താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അനധികൃത ഖനനം നടന്നതിനാലാണ്  ഉരുൾപൊട്ടിയതെന്നത്‌ വിചിത്ര വാദമാണ്‌. ദുരന്തഭൂമിയിൽനിന്ന്‌ ഏറ്റവുമടുത്ത ക്വാറിയിലേക്ക്‌ 10.2 കിലോമീറ്ററാണ്‌ ദൂരം.  

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തെ വിമർശിക്കുന്ന  ലേഖനങ്ങളെഴുതാൻ കേന്ദ്രം ശാസ്ത്രജ്ഞരെ നിർബന്ധിക്കുന്നുവെന്നാണ്‌  വാർത്ത. പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്‌. കേന്ദ്രമന്ത്രിയുടെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ  ഇത്‌ ശരിയാണെന്നുകാണാം. ആരെ ദ്രോഹിക്കാനാണ് ഈ പെയ്‌ഡ് ലേഖന പരിപാടി.

പരിസ്ഥിതി ഗൗരവ പ്രദേശമായി സംരക്ഷിക്കപ്പെടുന്ന  മുണ്ടക്കൈയിൽ അനധികൃത ഖനനമില്ലെന്ന്‌ എല്ലാവർക്കുമറിയാം. ഇതറിഞ്ഞിട്ടും അനധികൃത ഖനനംമൂലമാണ് ഉരുൾപൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം മലയാളികൾക്ക് മനസ്സിലാകും–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top