22 December Sunday

പാലക്കാട് വ്യവസായ ഇടനാഴിക്ക്‌ കേന്ദ്രാനുമതി; കുതിക്കും കേരളം

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

പാലക്കാട് സംയോജിത ഉൽപ്പാദന ക്ലസ്റ്ററിന്റെ രൂപരേഖ

തിരുവനന്തപുരം> കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സംയോജിത ഉൽപ്പാദന ക്ലസ്റ്ററിന്‌ കേന്ദ്രാനുമതി. പദ്ധതിക്കായി 1710 ഏക്കർ ഭൂമി സംസ്ഥാനം റെക്കോർഡ് വേഗത്തിലാണ്‌ ഏറ്റെടുത്തത്‌. 1790 കോടിരൂപയുടെ പ്രാരംഭ നടപടി കേരളം പൂർത്തിയാക്കിയതോടെയാണ്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയുടെ അനുമതി ലഭിച്ചത്‌.  മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായമന്ത്രി പി രാജീവ് ജൂൺ 28ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം തേടിയിരുന്നു.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമാണ് പാലക്കാട് ക്ലസ്റ്റർ. 1710 ഏക്കറിലാണ് ഇത് പ്രവർത്തിക്കുക. പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറുമാണ്‌ കിൻഫ്ര ഏറ്റെടുത്തത്‌. 10,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന വ്യവസായ ഇടനാഴിക്കായി 82 ശതമാനം സ്ഥലവും 2022ൽത്തന്നെ സംസ്ഥാനം ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14ന് നാഷണൽ ഇന്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. 2024 ഫെബ്രുവരി 15ന് പാരിസ്ഥിതികാനുമതി ലഭിച്ചു.  
കേരള വ്യവസായ ഇടനാഴി വികസന കോർപറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസ്റ്റർപ്ലാനും ഡിപിആറും പൂർത്തിയായി.  ടെണ്ടർ നടപടി ഉടനാരംഭിക്കും.

വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്കും  അനുമതി കാക്കുകയാണ്. വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകും. നടപടിക്രമങ്ങൾ ലഘൂകരിക്കും. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനീയറിങ്‌, ജ്വല്ലറി, പ്ലാസ്റ്റിക്, മാലിന്യ പുനരുപയോഗം, എണ്ണ, -വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്‌, ഐടി, ലോജിസ്റ്റിക്സ്‌, ഓട്ടോമോട്ടീവ് ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴി ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top