തിരുവനന്തപുരം
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റിലും കേന്ദ്രത്തിന്റെ കടുംവെട്ട്. പതിനാലും പതിനഞ്ചും ധനകമീഷനുകളുടെ കാലത്താണ് കേരളത്തിനുള്ള വിഹിതം കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചത്.
പന്ത്രണ്ടാം ധനകമീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനാലാം ധനകമീഷൻ 2.67ഉം പതിനഞ്ചാം ധനകമീഷൻ 2.68 ഉം ആയി കുറച്ചു. ഉത്തർപ്രദേശിന് 16.05ഉം മഹാരാഷ്ട്രയ്‌ക്ക് 9.59 ഉം രാജസ്ഥാന് 6.36ഉം ശതമാനം ലഭിച്ച സ്ഥാനത്താണിത്. ഹരിയാന, ഗുജറാത്ത്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾക്കും വിഹിതത്തിൽ വർധനവുണ്ടായി. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്‌റ്റ്) നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവന്നത്.
ജനസംഖ്യ, ഭൂവിസ്‌തൃതി, ഉയർന്ന പ്രതിശീർഷ വരുമാനവുമായുള്ള വ്യത്യാസം, എസ്‌സി–-എസ്‌ടി ജനസംഖ്യ, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം, വരുമാന വർധനയ്‌ക്കുള്ള ഇടപെടൽ എന്നിവ അടക്കമുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്തായിരുന്നു പതിമൂന്നാം ധനകമീഷന്റെ കാലത്തുവരെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് നിശ്‌ചയിച്ചിരുന്നത്. ജനസംഖ്യയ്‌ക്കും ഭൂവിസ്‌തൃതിക്കുമൊപ്പം മറ്റു മാനദണ്ഡങ്ങൾകൂടി കണക്കിലെടുത്തപ്പോൾ കേരളത്തിന് ഉയർന്ന വിഹിതം ലഭിച്ചു. എന്നാൽ, പതിനാലും പതിനഞ്ചും ധനകമീഷനുകളുടെ കാലത്ത് ജനസംഖ്യയും ഭൂവിസ്‌തൃതിയും മാത്രമാണ് കണക്കാക്കിയത്. അതോടെ കേരളത്തിന്റെ വിഹിതത്തിൽ വലിയ കുറവുണ്ടായി.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചതിന്റെ പേരിലാണ് ഈ കുറവുവരുത്തിയത്. പത്താം ധനകമീഷന്റെ കാലത്ത് 10,000 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്റായി അനുവദിച്ചത്. അതിൽ കേരളത്തിന് 400 കോടി രൂപ ലഭിച്ചു. എന്നാൽ, പതിനഞ്ചാം ധനകമീഷന്റെ കാലത്ത് 3,66,310 കോടി ഗ്രാന്റായി വകയിരുത്തിയപ്പോൾ കേരളത്തിന് നിർദേശിച്ചത് വെറും 9817 കോടി മാത്രം നിർദേശിക്കുന്ന തുക പൂർണമായും ലഭിക്കാറുമില്ല. ഉത്തർപ്രദേശിനാകട്ടെ, 58,793 കോടി രൂപ നിർദേശിച്ചിട്ടുണ്ടെന്നും ഗിഫ്‌റ്റിലെ റിസർച്ച് അസോസിയേറ്റ് ഷെൻസി മാത്യു നടത്തിയ പഠനത്തിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..