22 December Sunday

കേന്ദ്രവിഹിതം 57,000 കോടി കുറഞ്ഞിട്ടും സംസ്ഥാനത്തിന്റെ ചെലവിൽ 40,000 കോടിയുടെ വർധന

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

തിരുവനന്തപുരം>  സംസ്ഥാന സർക്കാർ  ചെലവുകളെല്ലാം കുറച്ചുവെന്നും വികസനപ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധം. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5 വര്‍ഷക്കാലം പ്രതിവര്‍ഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു.  എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1,60,000 കോടി രൂപയാണ്.  കേന്ദ്രത്തില്‍ നിന്നുള്ള വിവിധ തുകകളില്‍ പ്രതിവര്‍ഷം 57,000 കോടി രൂപ കുറവ് വരുമ്പോഴും ചെലവില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനയാണ്‌ ഉണ്ടായിട്ടുള്ളത്.

വിവിധ ആനുകൂല്യങ്ങളിലുണ്ടായ വര്‍ദ്ധനവാണ് ചെലവ് ഉയര്‍ത്തുന്നതിലെ മുഖ്യ ഘടകമാകുന്നത്.  കോവിഡ് കാലത്ത് ശമ്പള- പെന്‍ഷന്‍ പരിഷ്കരണം നടപ്പിലാക്കിയ അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ഈ ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയത് രണ്ടാം പിണറായി സര്‍ക്കാരാണ്.  വര്‍ദ്ധിപ്പിച്ച ശമ്പളവും പെന്‍ഷനും ബാധ്യതയും അത് നല്‍കാനുള്ള വലിയ ഉത്തരവാദിത്തവും ഈ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2017 മുതല്‍ 2021 വരെയുള്ള ഡിഎ കുടിശ്ശിക പിഎഫില്‍ ക്രെഡിറ്റ് ചെയ്തത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്.  ഇതും ചേര്‍ത്ത് പബ്ലിക് അക്കൗണ്ടിന്റെ പേരില്‍ കടപരിധിയില്‍ നിന്ന് വെട്ടിക്കുറവ് വരുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.  സര്‍വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശിക ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധന തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സര്‍ക്കാരാണ് നടപ്പാക്കിയത്.

30 ലക്ഷം പേര്‍ക്ക് മാസം 600 രൂപ വീതം നല്‍കിയിരുന്ന ക്ഷേമപെന്‍ഷന്‍‌ ഇപ്പോള്‍ 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതമാണ് നല്‍കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്പ്) 540 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്  എന്നാല്‍ 1600 കോടിയോളം രൂപ വര്‍ഷം നല്‍കേണ്ടി വരുന്നു. 4000 മുതല്‍ 5000 വരെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സാ ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വര്‍ഷം സൗജന്യമായി നല്‍കി വരുന്നു. കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടിയാണ് ബജറ്റില്‍ വയ്ക്കുന്നത്.  2400 കോടി വരെ ഇപ്പോള്‍ വര്‍ഷം ചെലവാകുന്നു.  വിലക്കയറ്റ നിയന്ത്രണത്തിനും വിപണി ഇടപെടലിനും സപ്ലൈകോയ്ക്ക്  205 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്.

എസ്‌സി എസ്‌ടി വിദ്യാര്‍ത്ഥികളുടെ മുന്‍സര്‍ക്കാരുകളുടെ കാലത്തുള്ള സ്കോളര്‍ഷിപ്പുകളില്‍ ഏകദേശം ആയിരത്തോളം കോടി രൂപ  ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 540 കോടി രൂപയാണ് ഇത്തരം ആനുകൂല്യങ്ങള്‍ക്കായി നീക്കിവെച്ചത്. നാലും അഞ്ചും വര്‍ഷം മുമ്പുള്ള ആനുകൂല്യങ്ങളുടെ പോലും തുക അതത് കാലത്തെ സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ടി വരാറുണ്ട്.  കിഫ്ബിയില്‍ ഇതുവരെ 30,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 20,000 കോടിയും ചെലവാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്.  സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 8000 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്.  ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 32,000 കോടിയായി ഉയര്‍ന്നു.  ഈ സര്‍ക്കാര്‍ 3 വര്‍ഷത്തിനുള്ളില്‍ 27,000 കോടി രൂപ നല്‍കിക്കഴിഞ്ഞു.  കേന്ദ്രസര്‍ക്കാര്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഏറ്റെടുത്തുതന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.  ചെലവുകളില്‍ കുറവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും   അനാവശ്യ ദുര്‍വ്യയങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും സർക്കാർ നിയന്ത്രിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നു.  5000 കോടി രൂപയുടെ വിനിയോഗമാണ് ഏറ്റെടുക്കുന്നത്.  കെഎസ്ആര്‍ടിസി, കെറ്റിഡിഎഫ്സി, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സുതാര്യതയെ ബാധിക്കുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനാവശ്യമായ 650 കോടിയിലധികം രൂപ ഈ സര്‍ക്കാര്‍ ലഭ്യമാക്കി. 2018 മുതലുള്ള ബാധ്യതയാണ് ഒഴിവാക്കിയത്. സപ്ലൈകോയ്ക്ക് നെല്ല് സംഭരണത്തിന്റെ പണം നല്‍കുന്നതിനായി 700 കോടി രൂപയാണ് നല്‍കിയത്. അടിസ്ഥാന സൗകര്യ വികസനവും കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉറപ്പാക്കാന്‍ വലിയ തോതിലുള്ള ഇടപെടലുകൾ സര്‍ക്കാര്‍ നടത്തുന്നണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top