22 November Friday

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ആ​ഗോള നിലവാരത്തിൽ ഏഴ് കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം> സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്കാരത്തിനായാണ് മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ ആരംഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഈ കേന്ദ്രങ്ങൾ. ആദ്യഘട്ടമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേന്ദ്രങ്ങൾ ഇവയാണ്:

സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് പാഠ്യപദ്ധതി രൂപകൽപ്പന, സിലബസ് തയ്യാറാക്കൽ, മൂല്യനിർണയ തന്ത്രം, ടെക്നോളജി  എന്നിവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നൽകും. ഈ മേഖലയിൽ ഗവേഷണം നടത്തി ആധുനിക അറിവുകൾ നേടും. കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലാകും കേന്ദ്രം സ്ഥാപിക്കുക.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി

സംസ്ഥാന സർക്കാരിന്റെയും കേരള വംശജരായ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തത്തോടെയാണ് ആരംഭിക്കുക. സുസ്ഥിര ഇന്ധനങ്ങൾ, മാലിന്യ സംസ്കരണം, നാനോ ടെക്‌നോളജി, അഡ്വാൻസ്ഡ് മെറ്റീരിയൽ, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, എനർജി എൻജിയറിങ് എന്നീ വിഷയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടക്കും. കുസാറ്റിലാണ് കേന്ദ്രം സ്ഥാപിക്കാൻ ആലോചിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 
അഡ്വാൻസ്ഡ് സ്റ്റഡീസ്

കേരളത്തിന്റെ ചരിത്രം, സമൂഹം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക സമ്പ്രദായം എന്നിവയിൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടിയാണ് കേന്ദ്രം. സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഭാഷ, കല, സംസ്കാരം എന്നിവയിലെ  ഗവേഷണം ഇവിടെ നടക്കും. മൂന്നാറിലാണ് കേന്ദ്രം സ്ഥാപിക്കുക.

നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട്


അധ്യാപകർക്കും ഗവേഷക വിദ്യാർഥികൾക്കും നെറ്റ്‌വർക്കിങ് വഴി അടിസ്ഥാന സൗകര്യം നൽകുന്നതിനാണ് മുൻഗണന.
ഈ നെറ്റ്-വർക്കിലുള്ള സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നവരുടെ ഗവേഷണ  ആവശ്യങ്ങൾ ഒരു മേൽക്കൂരയ്ക്കുകീഴിൽ കൈകാര്യം ചെയ്യും. കേന്ദ്രത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറികളും (സിഐഎൽ) ഒരു അക്കാദമിക് കമ്പ്യൂട്ടിങ് സൗകര്യങ്ങൾ നൽകുന്ന കേന്ദ്രവും (സിഎസിഎഫ്) സ്ഥാപിക്കും. കേരള സർവകലാശാലയിലാകും കേന്ദ്രം.

സെന്റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എജ്യുക്കേഷൻ


ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളിൽ പട്ടികവർഗ വിദ്യാർഥികൾക്കുള്ള സീറ്റുകൾ  നികത്താനാകാത്തതുൾപ്പെടെ പരിഗണിച്ചാണ് കേന്ദ്രം ആരംഭിക്കുന്നത്. വയനാട്ടിലെ ആദിവാസി പഠനത്തിനായുള്ള കലിക്കറ്റ് സർവകലാശാലാ കേന്ദ്രവുമായി സംയോജിപ്പിച്ചാകും കേന്ദ്രത്തിന്റെ പ്രവർത്തനം.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൻഡർ ഇക്വാലിറ്റി

ലിംഗപദവി പഠന മേഖലകളിലേക്കും ഗവേഷണങ്ങൾ വ്യാപിപ്പിക്കും.  നിലവിലുള്ള പഠനവകുപ്പുകളുമായും മറ്റ് ലിംഗപദവി പഠന കേന്ദ്രങ്ങളുമായും സഹകരിച്ചാകും പ്രവർത്തനം. കണ്ണൂർ സർവകലാശാലയിലാകും കേന്ദ്രം.

കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്


മലയാളം ഉൾപ്പെടെ വിവിധ ഭാഷകളെ വിജ്ഞാനഭാഷയായി വികസിപ്പിക്കാൻ വിവിധ സംരംഭങ്ങൾ ഏറ്റെടുക്കുക, വിദേശ ഭാഷകളിൽ  പഠനവും പരിശീലനവും നൽകുക എന്നിവയ്ക്കാണ് കേന്ദ്രം. മലയാളം സർവകലാശാലയും കാലടി  സംസ്‌കൃത സർവകലാശാലയുമാണ് പരിഗണനയിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top