22 December Sunday

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കൽപ്പറ്റ > ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട് പ്രവർത്തിക്കുന്ന ഹയർ എഡുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ കൽപറ്റ ഗവ കോളേജിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് വിതരണം സർട്ടിഫിക്കറ്റുകൾ ചെയ്തത്.  ദുരന്തത്തിൽ  സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കാലിക്കറ്റ് സർവകലാശാല, ടെക്‌നിക്കൽ എഡുക്കേഷൻ എന്നിവിടങ്ങൾ പഠിച്ച 30 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്.  

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു  ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ദുരന്തബാധിതാ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായവും എല്ലാ പിന്തുണയുമുണ്ടാകുമെന്ന്  മന്ത്രി ഉറപ്പ് നൽകി. വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദുരന്തബാധിതർക്ക് കരുതലും പിന്തുണയുമേകി സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ ഗോഡ്വിൻ സാമ്രാജ് അധ്യക്ഷത വഹിച്ച പരിപാടി  ടെക്‌നിക്കൽ എഡുക്കേഷൻ ഡയറക്ടർ ഷാലിജ് പി ആർ ഉദ്ഘാടനം ചെയ്തു.  പുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകങ്ങൾ കാലിക്കറ്റ് സർവകലാശാല സെൻട്രൽ കോർപ്പറേറ്റീവ് സ്റ്റോർ  സെക്രട്ടറി ബവേഷ് പി കെ വിതരണം ചെയ്തു.  

ടെക്‌നിക്കൽ എഡുക്കേഷൻ ജോയിൻറ് കൺട്രോളർ മുഹമ്മദ്  അസിർ എ കെ, കോളേജ് വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് റീജിയണൽ ഡയറക്ടറേറ്റ് ജോയിൻറ് കൺട്രോളർ സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷെറീന എന്നിവരും പങ്കെടുത്തു.കൽപ്പറ്റ ഗവ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ സുബിൻ പി ജോസഫ്, ഹയർ എഡുക്കേഷൻ കോർഡിനേഷൻ സെൽ നോഡൽ ഓഫീസർ സോബിൻ വര്ഗീസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top