20 September Friday

കൂത്തമ്പലത്തിനു പുറത്ത് ചാക്യാർകൂത്ത് അവതരണം; 75-ാം വാർഷികാഘോഷത്തിന്‌ നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കൊല്ലം > കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75–-ാം വാർഷികാഘോഷം 21ന് ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിലും സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിലും വിപുലമായി ആഘോഷിക്കുമെന്ന്‌ കോവൂർ കുഞ്ഞുമോൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പ്‌, കേരള കലാമണ്ഡലം, ചെറുപൊയ്‌ക മുടപ്പിലാപ്പിള്ളി മഠം, ദേശക്കാർ, പൈങ്കുളം രാമചാക്യാർ സ്‌മാരക കലാപീഠം എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.

മുടപ്പിലാപ്പിള്ളി മഠത്തിൽ രാവിലെ ഒമ്പതിന് അന്നത്തെ കാരണവർമാരായ നീലകണ്ഠ ഭട്ടതിരിയുടെയും വാസുദേവര് ഭട്ടതിരിയുടെയും പൈങ്കുളം രാമചാക്യാരുടെയും ചിത്രങ്ങൾ അനാച്ഛാദനംചെയ്യും. ശബരിമല തന്ത്രി കണ്‌ഠര് മോഹനര് ഭദ്രദീപം പ്രകാശിപ്പിക്കും. 9.30ന് ചാക്യാർകൂത്ത്. 10ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ പൈങ്കുളം രാമചാക്യാർ അനുസ്‌മരണം സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പൈങ്കുളം രാമചാക്യാർ സ്‌മാരക കലാപീഠം പ്രസിഡന്റ് സി എം നീലകണ്ഠൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യാതിഥിയാകും.

വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാലും വാർഷികാഘോഷം കൊടിക്കുന്നിൽ സുരേഷ് എംപിയും ഉദ്ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. ചീഫ് വിപ്പ്‌ എൻ ജയരാജ് ചരിത്രസ്മാരകം അനാച്ഛാദനം ചെയ്യും. ഡോ. ബി അനന്തകൃഷ്ണൻ, വി എൻ ഭട്ടതിരി, എൻ എം വാസുദേവ ഭട്ടതിരി, കേശവരു ഭട്ടതിരി എന്നിവരെ മന്ത്രി ആദരിക്കും. 6.30ന് കലാമണ്ഡ‌ലം അവതരിപ്പിക്കുന്ന ഭഗവദജ്ജുകം കൂടിയാട്ടവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ വി എൻ ഭട്ടതിരി, എൻ എം വാസുദേവരു ഭട്ടതിരി, പി ഗോപിനാഥൻപിള്ള, ജെ രാമാനുജൻ, പൈങ്കുളം നാരായണ ചാക്യാർ, കെ പ്രദീപ് കുമാർ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top