05 November Tuesday

ചാന്ദ്രയാൻ- 3ന്റെ വിജയത്തിന്‌ ഒരുവർഷം: രാജ്യം ഇന്ന്‌ ആദ്യ ദേശീയ ബഹിരാകാശദിനം ആചരിക്കും

സ്വന്തം ലേഖികUpdated: Friday Aug 23, 2024

തിരുവനന്തപുരം > ചാന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി സോഫ്‌റ്റ്‌ലാൻഡ്‌ ചെയ്തതിന്‌ വെള്ളിയാഴ്ച ഒരു വർഷം. 2023 ആഗസ്ത്‌ 23ന്‌ രാജ്യത്തിന്‌ അഭിമാനമായി മൂന്നാം തവണ ചാന്ദ്രയാൻ വിജയം കണ്ടു. ഇതോടെ ആഗസ്ത്‌ 23 ദേശീയ ബഹിരാകാശ ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.  

ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്‌എസ്‌സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി), ഐഎസ്ആർഒ ഇന്റർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു), ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സ്‌ (ഐപിആർസി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്‌ടി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരള, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുക.

ചാന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിലവിൽ ചന്ദ്രോപരിതലത്തിൽ ഗവേഷണങ്ങൾക്കുള്ള വിവരശേഖരണം നടത്തുകയാണ്‌. ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണ മേഖലയിലെ മണ്ണ്‌ പ്രഗ്യാൻ റോവറിലെ ആൽഫ പാർട്ടിക്കിൾ എക്സ്‌റേ സ്‌പെക്‌ട്രോമീറ്റർ പരിശോധിച്ച്‌ പന്ത്രണ്ടോളം മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രധാന കണ്ടെത്തൽ കൂടിയാണിത്‌. സിലിക്കോൺ, മാംഗനീസ്‌, അലുമിനിയം, അയൺ, കാത്സ്യം, മഗ്‌നീഷ്യം, ക്രോമിയം, ടൈറ്റാനിയം തുടങ്ങി വിവിധ മൂലകങ്ങൾ ചന്ദ്രന്റെ മണ്ണിൽ കണ്ടെത്തിയിട്ടുണ്ട്‌.

രണ്ട് തരം പാറകളുടെ മിശ്രിതമാണ് ചന്ദ്രനിലെ മണ്ണെന്നും സൂചനയുണ്ട്‌. ഉപരിതലത്തിൽനിന്ന്‌ ആഴത്തിലുള്ള പാളികളിൽ നിന്ന് കുഴിച്ചെടുത്ത ഭാഗങ്ങൾ പരിശോധിച്ചാണ്‌ ഈ കണ്ടെത്തൽ. ചന്ദ്രന്റെ പരിണാമം സംബന്ധിച്ച ഉൾക്കാഴ്ച നൽകുന്നതാണ്‌ ഈ വിവരങ്ങൾ. ഡൽഹി ഭാരത്‌ മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top