17 September Tuesday

"ചന്ദ്രിക'യിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഹൈദരലി തങ്ങള്‍ ഏല്‍പ്പിച്ചത് മുഈന്‍ അലിയെ; കത്ത് പുറത്തുവിട്ട് കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021

കൊച്ചി > മുസ്ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതല ഏല്‍പ്പിച്ചത് മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങളെ. ഹൈദരലി തങ്ങളുടെ നിര്‍ദേശം അടങ്ങിയ കത്ത് ഡോ.കെ ടി ജലീലാണ് പുറത്തുവിട്ടത്. കള്ളപ്പണ ഇടപാടിലും സാമ്പത്തിക ക്രമക്കേടിലും പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ മുഈന്‍ അലി തങ്ങള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ ചന്ദ്രികയുടെ കാര്യം പറയാന്‍ മുഈന്‍ അലിയ്ക്ക് അര്‍ഹതയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ വാദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തിയതി ഹൈദരലി തങ്ങളുടെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ കത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്‌മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ബാധ്യതകള്‍ തീര്‍ക്കണമെന്നുമാണ് ഹൈദരലി തങ്ങള്‍ കത്തില്‍ പറയുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതോടെ മുഈന്‍ അലിക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവുമായി ലീഗ് പ്രവര്‍ത്തകന്‍ പാഞ്ഞടുത്തിരുന്നു. മുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ വിവാദം ഉണ്ടായപ്പോള്‍ മാധ്യമങ്ങള്‍ക്കുനേരെ അക്രമം നടത്തിയ അതേ ആളാണ് മുഈന്‍ അലി തങ്ങള്‍ക്കുനേരെയും കൊലവിളി നടത്തിയത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകന്‍ മുഈനലി തങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top