കൊച്ചി
ചങ്ങനാശേരി അതിരൂപത മെത്രാപോലീത്തയായി മാർ തോമസ് തറയിലിനേയും ഷംഷാബാദ് രൂപത മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെയും സിറോ മലബാർസഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ നടന്ന മെത്രാൻ സുന്നഹദോസാണ് ഇവരെ തെരഞ്ഞെടുത്തത്. സഭ ആസ്ഥാനകാര്യാലയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ മാർ റാഫേൽ തട്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ജോസഫ് പെരുന്തോട്ടം രാജിവച്ച ഒഴിവിലാണ് മാർ തോമസ് തറയിലിന്റെ നിയമനം. നിലവിൽ അതിരൂപത സഹായമെത്രാനാണ്. ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ റാഫേൽ തട്ടിൽ സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പായ ഒഴിവിലാണ് അദിലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്റെ നിയമനം.
ചങ്ങനാശേരി അതിരൂപതയിലെ കത്തീഡ്രൽ ഇടവകയിൽ ടി ജെ ജോസഫ്–-മറിയാമ്മ ദമ്പതികളുടെ മകനാണ് തോമസ് തറയിൽ. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് പദവിയും വഹിച്ചിരുന്നു. തൃശൂർ അതിരൂപതയിലെ അരിമ്പൂർ സെന്റ് ആന്റണീസ് ഇടവകയിൽ പി ജെ ദേവസി–എ എം കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ് പ്രിൻസ് ആന്റണി പാണേങ്ങാടൻ. ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്ന് തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. റോമിലെ ഉർബാനിയൻ സർവകലാശാലയിൽനിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..