ചവറ > വാഹനാപകടങ്ങളിൽ ചവറയിൽ രണ്ടുപേർ മരിച്ചു. യുവ നടൻ ചവറ ഭരണിക്കാവ് പി ജെ ഹൗസിൽ റിട്ടയേർഡ് എസ്ഐ ആയ ജോൺറൊഡ്രിഗ്സ് -ഫിലു ദമ്പതികളുടെ മകനായ ഗോഡ്ഫ്രേ (37)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ന് പ്രാക്കുളത്തെ അമ്മ വീട്ടിൽ നിന്നും ചവറ ഭരണിക്കാവിലെ വീട്ടിലേക്ക് മടങ്ങും വഴി ബൈപ്പാസ് റോഡിന് സമീപം നീരാവിൽ വച്ച് ഗോഡ്ഫ്രേ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഗോഡ്ഫ്രേയെ നാട്ടുകാർ ഓടി കൂടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദി ലവേഴ്‌സ് എന്ന സിനിമയിൽ റൂബീദാസ് എന്ന പേരിൽ നായകനായി കലാരംഗത്തും കഴിവു തെളിയിച്ചിരുന്നു. വിദേശത്ത് ജയ്ഹിന്ദ് ചാനലിലും ചവറയിലെ സ്വകാര്യ ചാനലിലും ക്യാമറമാനായും പ്രവർത്തിച്ച ഗോഡ് ഫ്രേ എഡിറ്റിംഗ് രംഗത്തും സജീവമായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിവീട്ടിൽ എത്തിച്ച മൃതദേഹം തലമുകിൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ സംസ്‌കരിച്ചു. ആന്റണി, ആശ എന്നിവർ സഹോദരങ്ങളാണ്.
മറ്റൊരു അപകടത്തിൽ പന്മന കളരി രാജേഷ് ഭവനത്തിൽ ഗോപാലകൃഷ്ണൻ - വിജയമ്മ ദമ്പതികളുടെ മകൻ രാജേഷാ (35)ണ് മരിച്ചത്. റോഡിൽ നിർത്തിയിട്ടിരുന്ന കോഴി വണ്ടിയുടെ പുറകിലിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച്ച രാത്രി 10 ന് ദേശീയ പാതയിൽ പന്മന ഇടപ്പള്ളിക്കോട്ടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചവറ പൊലീസെത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ രാജേഷ് വഴിമധ്യേ മരിച്ചു. നിർത്തിയിട്ടിരുന്ന വാഹനത്തിന് വേണ്ടത്ര പാർക്കിംഗ് ലൈറ്റുകൾ ഉണ്ടായിരുന്നില്ലായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ആതിര . മക്കൾ: സായി കൃഷ്ണ, ഋതിക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..