തിരുവനന്തപുരം
ചീമേനിയിൽ100 മെഗാവാട്ടിന്റെ സൗരോർജ പാർക്ക് നിർമാണം ഉടൻ ആരംഭിക്കും. കാസർകോട് 100 മെഗാവാട്ട് സോളാർ പാർക്കിൽ അധികമായി അഞ്ചു മെഗാവാട്ടിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്. പുറമേ ഫ്ലോട്ടിങ് സോളാർ പദ്ധതികൾ സ്ഥാപിച്ച് 400 മെഗാവാട്ട് കണ്ടെത്താനും സർക്കാർ ലക്ഷ്യമിടുന്നു. 500 മെഗാവാട്ടിന്റെ സോളാർ പദ്ധതികൾ പൂർത്തിയാക്കുന്നതിന് 2500 കോടി രൂപ ചെലവ് വരും.
ആറുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 10000 മെഗാവാട്ടിനോട് അടുക്കുമെന്നാണ് കരുതുന്നത്. നിലവിൽ സംസ്ഥാനത്തെ ഉൽപാദനശേഷി 3800 മെഗാവാട്ട് ഉണ്ടെങ്കിലും 2000 മെഗാവാട്ടിൽ താഴെ മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയിൽ റൂഫ് സോളാറിൽ മൂന്നാമതാണ് സംസ്ഥാനം. പുരപ്പുറ നിലയങ്ങളിൽനിന്നും ഏകദേശം 900 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. വരുന്ന ആറുവർഷത്തിൽ പുരപ്പുറ സോളാർ ശേഷി 3000 മെഗാവാട്ടായി ഉയർത്തും. സോളാർ വൈദ്യുതി ഉൽപ്പാദകർക്ക് ഏർപ്പെടുത്തിയിരുന്ന ജനറേഷൻ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
പകൽ സമയത്ത് അധികമായി ലഭിക്കുന്ന സൗരോർജ വൈദ്യുതി ഉപയോഗപ്പെടുത്തി രാത്രി കാലങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന പമ്പ്‌ഡ് സ്‌റ്റോറേജ് പദ്ധതികളുടെ സാധ്യതകളും അടിയന്തര പ്രാധാന്യത്തോടെ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് 5000 മെഗാവാട്ടിന്റെ പമ്പ്‌ഡ് സ്‌റ്റോറേജ് സാധ്യമാണ്. ഇതിൽ മഞ്ഞപ്പാറ (30 മെഗാവാട്ട്), മുതിരപ്പുഴ (100 മെഗാവാട്ട്) പദ്ധതികൾക്ക് ഇതിനകം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..