22 December Sunday

മികച്ചതിന്റെ തുടർച്ചയ്‌ക്കായി ചേലക്കരയിൽ യു ആർ പ്രദീപ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ചേലക്കര > തുടർച്ചയായി ആറുതവണയും സിപിഐ എം സ്ഥാനാർഥിയെ വിജയിപ്പിച്ച ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കാൻ തയ്യാർ. ചേലക്കര മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപാണ്‌ ഇത്തവണ എൽഡിഎഫിനായി വോട്ട്‌ നേടുന്നത്‌. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഗുണഫലങ്ങൾ നേരിട്ടറിഞ്ഞ ചേലക്കരയിലെ ജനങ്ങൾ ഇത്തവണയും എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന്‌ വിലയിരുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ ഭൂരിപക്ഷം നേടി.

ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനാണ്‌ യു ആർ പ്രദീപ്‌. കെ രാധാകൃഷണന്റെ പിൻഗാമിയായി 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എംഎൽഎയായിരുന്ന അദ്ദേഹം നിരവധി വികസനപ്രവൃത്തികൾക്കും നേതൃത്വം നൽകി. പ്രളയസമയത്ത്‌  ജനങ്ങളെ രക്ഷിക്കാൻ നടത്തിയ ഇടപെടൽ നാടിന്റെ പ്രിയപുത്രനാക്കി.  കോവിഡ്‌ കാലത്തും  രാപകലില്ലാതെ കർമനിരതനായി. തദ്ദേശ-സഹകരണ രംഗത്തെ ഭരണപരിചയവും കരുത്തായി. 2022 മുതൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാനാണ്. പട്ടികജാതി വിഭാഗക്കാർക്ക്‌ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. 15 വർഷ ചരിത്രത്തിനിടെ കോർപറേഷനെ വൻ ലാഭത്തിലാക്കി.

അച്ഛൻ ഇന്ത്യൻ സൈന്യത്തിലായിരുന്നതിനാൽ ഡിഫൈൻസ്‌ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎയും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദ ഡിപ്ലോമയും നേടി. ചെന്നൈയിൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ്‌ പൊതു പ്രവർത്തന രംഗത്ത്‌ സജീവമായത്‌. 1997ൽ സിപിഐ എം പ്രവർത്തകനായി. 2000ൽ പാർടി അംഗമായി.

2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ ഭരണസാരഥിയായിരിക്കെ ആദ്യ അവസരത്തിൽ തന്നെ നേതൃപാടവം തെളിച്ച്‌ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ദേശമംഗലത്തിന്‌ നേടികൊടുത്തു. പഞ്ചായത്തിൽ ഇടത്‌ മുന്നണിയ്‌ക്ക്‌ തുടർ ഭരണവും നേടികൊടുത്തു. 2005-10വരെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 2009-11ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 2015ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത്‌ അംഗമായി. ഇതിനിടയിലാണ്‌ 2016ൽ ചേലക്കരയിൽ നിന്ന്‌ നിയമസഭയിലെത്തിയത്‌.

നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്‌. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്‌. ചേലക്കര പാളൂർ തെക്കേപുരക്കൽ പരേതരായ രാമന്റയും ശാന്തയുടെയും മകനാണ്‌. ഭാര്യ: പ്രവിഷ . മക്കൾ: കാർത്തിക്‌, കീർത്തന (ഇരുവരും സ്‌കൂൾ വിദ്യാർഥികൾ).

പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ്‌ രൂപീകൃതമായത്‌. 1965, 70, 77, 80 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ കെ ബാലകൃഷ്ണനാണ് വിജയിച്ചത്. 1967ൽ പി കുഞ്ഞനും (സിപിഐ എം), 82 ൽ സി കെ ചക്രപാണിയും (സിപിഐ എം) വിജയിച്ചപ്പോൾ 87ൽ ഡോ. എം എ കുട്ടപ്പനും (കോൺഗ്രസ്) 91ൽ എം പി താമിയും (കോൺഗ്രസ്) ജയിച്ചു.

1996ൽ കെ രാധാകൃഷ്ണൻ ജയിച്ച ശേഷം എൽഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2001ലും 2006ലും 2011ലും  രാധാകൃഷ്ണൻ കൂടുതൽ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. 2016ൽ എൽഡിഎഫിലെ യു ആർ പ്രദീപ്‌  കന്നി മത്സരത്തിൽ ഉജ്വല വിജയം നേടി. 2021ൽ വീണ്ടും കെ രാധാകൃഷ്‌ണൻ 39,400 വോട്ടിന്റെ ഭുരിപക്ഷത്തിൽ ജയിച്ചു. എൽഡിഎഫിന്‌ 83,415 വോട്ട്‌ ലഭിച്ചപ്പോൾ യുഡിഎഫിന്‌ ലഭിച്ചത്‌ 44,015. പോൾ ചെയ്‌ത  54.41 ശതമാനം വോട്ടും എൽഡിഎഫ്‌ നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ രാധാകൃഷ്‌ണൻ വിജയിച്ചതോടെ നിയമസഭാ അംഗത്വം രാജിവച്ചു. തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ആദ്യമായാണ്‌ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

അതിർത്തി  പുനർനിർണയം നടന്നിട്ടും മാറ്റങ്ങളൊന്നുമില്ലാത്ത  ജില്ലയിലെ ഏക മണ്ഡലമാണ് ചേലക്കര. 2009-ൽ ജില്ലയിൽ 14 മണ്ഡലം എന്നത്‌ 13 ആക്കി ചുരുക്കിയിരുന്നു. അതിന്റെ ഭാഗമായി മണ്ഡലങ്ങൾ പുനർനിർണയിച്ചു. എന്നാൽ ചേലക്കരയുടെ അതിർത്തികളിൽ  മാറ്റമുണ്ടായില്ല.  ഭാരതപ്പുഴയേയും വടക്കൻ മലനിരകളേയും  കിഴക്കുപടിഞ്ഞാറ് ഭാഗങ്ങൾ പാലക്കാട് ജില്ലയേയും മണ്ഡലം  അതിരിടുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളാൽ ഇളകിമറിഞ്ഞ ചേലക്കരയുടെ മണ്ണ് ഇടതുപക്ഷത്തിന്  അടിത്തറയുള്ള പ്രദേശങ്ങളാണ്.

2.11 ലക്ഷം വോട്ടർമാർ

നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ 2.11 ലക്ഷം കടന്നു. തെരഞ്ഞെടുപ്പ്‌ വിഭാഗത്തിലെ 29 വരെയുള്ള കണക്ക്‌ പ്രകാരം 2,11,211 വോട്ടാണുള്ളത്‌. ഇതിൽ പുരുഷന്മാർ 1,01,068, സ്‌ത്രീകൾ 1,10,140, ട്രാൻസ്‌ജെന്‍ഡർ മൂന്ന് പേരുമാണ്‌. ഇതിൽ 315 ജീവനക്കാരുടെ വോട്ടുണ്ട്‌.

പുതുതായി വോട്ടർമാരെ ചേർക്കാൻ ഒക്‌ടോബർ 15വരെയായിരുന്നു സമയം. അതുവരെ ലഭിച്ച അപേക്ഷകൾ 25നകം പരിശോധിച്ച്‌ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കണക്ക്‌ പ്രകാരം മണ്ഡലത്തിൽ 2,02,283 വോട്ടാണുള്ളത്‌. ഇതിൽ 97,303 പുരുഷന്മാരും 1,04,980 സ്ത്രീകളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top