06 November Wednesday

ചേലക്കരയിൽ വികസനച്ചർച്ച ; യുഡിഎഫിനും ബിജെപിക്കും ആശ്രയം നുണപ്രചാരണങ്ങൾ

മുഹമ്മദ്‌ ഹാഷിംUpdated: Wednesday Nov 6, 2024


ചേലക്കര
വികസനമാണ്‌ ചേലക്കരയിലെ പ്രധാന ചർച്ച. വികസനചർച്ചകൾ തങ്ങൾക്ക്‌ വിനയാകുമെന്ന്‌ മനസ്സിലാക്കിയ യുഡിഎഫിനും ബിജെപിക്കും ഉപതെരഞ്ഞെടുപ്പിൽ ആശ്രയം നുണപ്രചാരണങ്ങൾ. നുണകളും വിവാദങ്ങളും പാളിയപ്പോൾ അഭയം തേടുന്നത്‌  അക്രമത്തിൽ. യുഡിഎഫ്‌ സ്ഥാനാർഥി നിർണയത്തോടുള്ള എതിർപ്പിനെത്തുടർന്ന്‌ കെപിസിസി സെക്രട്ടറിതന്നെ വിമതനായി മത്സരത്തിനിറങ്ങിയത്‌ യുഡിഎഫിനെ കുഴക്കുകയാണ്‌. ആളിക്കത്തുന്ന കൊടകര കുഴൽപ്പണ വിവാദം ബിജെപിക്കും തിരിച്ചടിയായി.

1996 വരെ കൂടുതൽ തവണയും കോൺഗ്രസിനെ ജയിപ്പിച്ച മണ്ഡലം വികസനം എന്തെന്നറിഞ്ഞത്‌ എൽഡിഎഫിലെ കെ രാധാകൃഷ്‌ണനും യു ആർ പ്രദീപും  എംഎൽഎമാരായ ശേഷം. എട്ടര വർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ 2000 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ്‌ നടപ്പാക്കിയത്‌. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ  മോഡൽ റെസിഡൻഷ്യൽ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളടക്കം  നിരവധി പദ്ധതികളെത്തി.

യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസ്‌ ചേലക്കര  ഉൾപ്പെട്ട ആലത്തൂർ ലോക്‌സഭാ മണ്ഡലം എംപി ആയിരുന്ന അഞ്ചുവർഷം എന്തുചെയ്‌തെന്ന ചോദ്യത്തിന്‌ മറുപടിയില്ല. എംപി എന്ന നിലയിലും പിന്നീട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട രമ്യയെത്തന്നെ  സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നേതാവ്‌ ഏകപക്ഷീയമായി തീരുമാനിച്ചതിലുള്ള പ്രതിഷേധം കോൺഗ്രസ്‌ നേതാക്കളിൽ ശക്തം.

സംശുദ്ധ രാഷ്‌ട്രീയത്തിനുടമയായ കെ രാധാകൃഷ്‌ണനെതിരെ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ നുണപ്രചാരണം യുഡിഎഫിന്‌ തിരിച്ചടിയായി. ചെറുതുരുത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ  അക്രമാഹ്വാനവും നാണക്കേടായി.  സംസ്ഥാന–- ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെട്ട കുഴൽപ്പണ വെളിപ്പെടുത്തലിൽ പ്രതിരോധമില്ലാതെ ആടിയുലയുകയാണ്‌ ബിജെപി.   തൃശൂർ പൂരസ്ഥലത്ത്‌ താൻ ആംബുലൻസിൽ പോയിട്ടില്ലെന്നും കണ്ടത്‌ മായക്കാഴ്‌ചയാണെന്നുമുള്ള എൻഡിഎ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനവേദിയിലെ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ നുണപറച്ചിലും ബിജെപിക്ക്‌ തലവേദനയായി. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, ദേശമംഗലം, വരവൂർ, മുള്ളൂർക്കര പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. ആകെ വോട്ടർമാർ 2,13,103.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top