25 December Wednesday

"രമ്യ വേണ്ടായിരുന്നു'; ചേലക്കര പരാജയത്തിൽ പഴിചാരിയും തമ്മിലടിച്ചും കോൺ​ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ചേലക്കര > ചേലക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ പരസ്പരം പഴിചാരിയും തമ്മിലടിച്ചും കോൺ​ഗ്രസ്. പരാജയത്തിന്റെ ഉത്തരവാദിത്തം സ്ഥാനാർഥിക്കും പാർടി സംസ്ഥാന നേതൃത്വത്തിനും മേൽ കെട്ടിവയ്ക്കുകയാണ് തൃശൂരിലെ കോൺ​ഗ്രസ് നേതൃത്വം. സ്ഥാനാർഥിയായി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റി എന്ന് സംസ്ഥാന തലത്തിലുള്ള നേതാക്കൾക്കും വിമർശനമുണ്ട്. വാർഡ് മെമ്പറെ മത്സരിപ്പിച്ച് ബിജെപി ഉണ്ടാക്കിയ നേട്ടം പോലും രമ്യക്ക് ഉണ്ടാക്കാനായില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നേടിയതിനേക്കാളും വോട്ടു കുറഞ്ഞുവെന്നും വിമർശനം ഉയരുന്നു.  

രമ്യഹരിദാസിന്റെ ശൈലിയോട് കടുത്ത എതിർപ്പുള്ളവരാണ് തൃശൂരിലെ കോൺ​ഗ്രസ് നേതൃത്വം. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ തന്നെ ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ രമ്യക്കെതിരായ വികാരം ഉണ്ടായിരുന്നുവെന്നാണ്  നേതൃത്വവും പ്രവർത്തകരും ഇപ്പോൾ ആരോപിക്കുന്നത്. കോൺ​ഗ്രസ് 18 സീറ്റും നേടിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ പരാജയപ്പെട്ടത് എംപിയായിരുന്നപ്പോൾ നല്ല പ്രകടനം കാഴ്ച വയ്ക്കാഞ്ഞതുകൊണ്ടാണെന്നും ചേലക്കരയിലെ സ്ഥനാർഥി നിർണയം അത് മനസിലാക്കി ആകണമായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യ തുളസിയുടേതടക്കമുള്ള പേരുകൾ പരി​ഗണിച്ചിരുന്നു. തുളസി ആയിരുന്നു സ്ഥാനാർഥിയെങ്കിൽ ഭൂരിപക്ഷം കുറക്കാനെങ്കിലും കഴിഞ്ഞേനെ എന്നാണ് കോൺ​ഗ്രസ് ജില്ലാ നേതൃത്വം പരസ്യമായി തന്നെ ഉയർത്തുന്ന വാ​ദം.

എല്ലാ തെരഞ്ഞെടുപ്പിലും ഒരാളെ തന്നെ നിർത്തിയത് ശരിയായില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന നേതാവ് കെ മുരളീധരൻ പ്രതികരിച്ചത്. വലിയ രീതിയിലുള്ള വർക്ക് ചേലക്കരയിൽ നടന്നിട്ടും അതിനനുസരിച്ച് റിസൾട്ട് ഉണ്ടായിട്ടില്ല. മാത്രമല്ല ബിജെപി വളർച്ചയുണ്ടാക്കി. ചേലക്കരയിലെ റിസൾട്ട് ഒരു വാണിങ് ആണെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന തലത്തിലുള്ള മറ്റ് പല നേതാക്കളും രമ്യ വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്. ഉടൻ നടക്കാനിരിക്കുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിലടക്കം ഈ വിമർശനം ഉയർത്തനാണ് തീരുമാനം.

നേത്വത്തിൽ മാത്രമല്ല, പ്രവർത്തകർക്കും അണികൾക്കുമിടയിലും സ്ഥാനാർഥിക്കെതിരെയും രമ്യയെ സ്ഥാനാർഥിയാക്കണമെന്ന് കടുംപിടിത്തം പിടിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും രോഷം ശക്തമാണ്. കോൺഗ്രസ് നേതാക്കൾ ചോദിച്ചുവാങ്ങിയ അടിയാണെന്നായിരുന്നു ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിലെ വിമർശനം. കെപിസിസിക്കും ഡിസിസിക്കും കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിക്കുമെല്ലാം തെറ്റുപറ്റി എന്ന നിലയിലാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. നേതൃത്വം കാര്യങ്ങൾ കുറച്ചുകൂടെ ഗൗരവത്തിൽ എടുക്കണം.അഞ്ച് വർഷം മാത്രം പരിചയമുള്ള രമ്യയെ അംഗീകരിക്കാൻ കഴിയില്ലെന്നും, അതുതന്നെയാണ് ആലത്തൂരിലെയും ചേലക്കരയിലെയും തോൽവിയിലേക്ക് നയിച്ചതെന്നും പ്രവർത്തകർ പറയുന്നു.

ചേലക്കരയിൽ 2021ലെ നിയസഭാ തെരഞ്ഞെടുപ്പിലേക്കാൾ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞു എന്നാണ് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഇപ്പോഴത്തെ വാദം. എന്നാൽ കേരളത്തിലെവിടെയും മത്സരം ഉയർത്താൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു അന്ന് കോൺ​ഗ്രസ് എന്നും ചേലക്കരയിലെ മുൻ തെരഞ്ഞെടുപ്പുകളിലെ ട്രെന്റ് 10,000ത്തിനകത്തുള്ള ഭുരിപക്ഷം ആയിരുന്നുവെന്നും കോൺ​ഗ്രസ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ചേലക്കരയിൽ ഭരണവിരുദ്ധവികാരം പ്രകടമായി എന്ന് നേതാക്കൾ പറയുമ്പോൾ  അങ്ങനെയൊന്നുണ്ടോ എന്ന് ചേലക്കരയിലെ കോൺ​ഗ്രസ് ക്യാമ്പുകൾ തിരിച്ചു ചോദിക്കുന്നു.

സകല അടവും പയറ്റിയിട്ടും അടിവേരിളകി

സംസ്ഥാനത്ത് മൂന്നിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോര് നടക്കുന്നത് ചേലക്കരയിലാണ് എന്നായിരുന്നു കോൺ​ഗ്രസ് നേതൃത്വം വാദിച്ചത്. എൽഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്താകും ചേലക്കരയിൽ ഉണ്ടാകുക എന്ന് കെ സി വേണു​ഗോപാലും വി ഡി സതീശനുമടക്കമുള്ളവർ വച്ചടിച്ചു. ചേലക്കരയിൽ വിജയിക്കാൻ കോൺ​ഗ്രസ് സകല അടവുകളും പയറ്റിയിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും  പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും  ഉൾപ്പെടെ വമ്പൻപട മണ്ഡലത്തിൽ തമ്പടിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്. കൊടിക്കുന്നിൽ സുരേഷ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരെ സീനിയർ നിരീക്ഷകരാക്കി  നിരവധി കെപിസിസി ഭാരവാഹികളെ ചേലക്കരയിൽ കോൺഗ്രസ്‌ ഇറക്കിയിരുന്നു. ‌സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ആയിരക്കണക്കിനാളുകളെ കൂലിക്കിറക്കി. നുണപ്രചാരണങ്ങളുടെ ഘോഷയാത്രതന്നെ പ്രചാരണവേളയിൽ നേതൃത്വം നടത്തി. എൽഡിഎഫിനെ രാഷ്‌ട്രീയമായി നേരിടാൻ കഴിയില്ലെന്നു വന്നപ്പോൾ  വർഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും  കൂട്ടുകെട്ടുണ്ടാക്കി.  

എന്നാൽ ഇതിനെ തള്ളിക്കൊണ്ട് എൽഡിഎഫ്‌ ഉയർത്തിയ മതനിരപേക്ഷ നിലപാടിനെ ജനം അംഗീകരിക്കുകയായിരുന്നു. തൊട്ട് മുൻപ് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ കനത്ത ഭൂരിപക്ഷത്തിലാണ് ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചത്. 2016ൽ അദ്ദേഹത്തിനുണ്ടായിരുന്നതിനേക്കാൾ ലീഡ് നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസിന്‌ 55,195 വോട്ട്‌ ലഭിച്ചിരുന്നു. എന്നാൽ  ഇപ്പോൾ രമ്യക്ക്‌ 52,626 വോട്ടായി കുറഞ്ഞു. 2569 വോട്ടാണ്‌  കുറഞ്ഞത്‌.  അതേസമയം  ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫിന്‌  4459  വോട്ട്‌ വർധിച്ചു.     



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top